ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനെത്തിയ അഫ്ഗാന് വിദേശകാര്യ മന്ത്രി അമീര്ഖാന് മുത്താക്കിയുടെ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്കു വിലക്ക്. ഒരൊറ്റ വനിതയെ പോലും പത്രസമ്മേളനത്തില്‍ പ്രവേശിപ്പിക്കാതിരുന്നത് മന്ത്രിയുടെ നേരിട്ടുള്ള താല്പര്യ പ്രകാരമായിരുന്നെന്ന വിവരം പുറത്തു വന്നിരുന്നു. സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാനോ മറ്റുള്ളവരുമായി ഇടപഴകാനോ അനുവദിക്കാത്ത താലിബാന് ലിംഗവിവേചനം ഇന്ത്യയില്‍ വന്നപ്പോഴും തുടര്‍ന്നുവെന്ന അതിശക്തമായ എതിര്‍പ്പാണ് രാഷ്ട്രീയലോകത്തും മാധ്യമലോകത്തും ഉയരുന്നത്.
എന്നാല്‍ ഈ വാര്ത്താസമ്മേളനുവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ഗവണ്മെന്റിനോ ഇന്ത്യന്‍ വിദേശകാര്യ വകുപ്പിനോ യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് കേന്ദ്ര ഗവണ്മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് നിരവധി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാധ്യമ സമ്മേളനത്തിലേക്ക് പ്രതിനിധികളെ നിശ്ചയിച്ചത് അഫ്ഗാനിസ്ഥാന്റെ മുംബൈയിലുള്ള കോണ്‍സുലര്‍ ജനറലായിരുന്നുവെന്നും വാര്‍ത്താ സമ്മേളനം നടന്ന എംബസി പ്രദേശം ഇന്ത്യന്‍ സര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ വരില്ലെന്നുമാണ് ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന്റെ ന്യായീകരണം. അഫ്ഗാന് മന്ത്രിയുടെ നിലപാടിനെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, പി ചിദംബരം എന്നിവര്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു
സ്ത്രീകളെ ഒഴിവാക്കി അഫ്ഗാന് മന്ത്രിയുടെ പത്രസമ്മേളനം, ന്യായീകരിച്ച് ഇന്ത്യ

