ജാങ്കോ, നോര്‍വെ പെട്ടു; ആശിച്ചു പോയ സമാധാനം കിട്ടാത്ത ട്രംപ് മറ്റെന്തു ചെയ്യാന്‍

വാഷിങ്ടന്‍: പാവം ട്രംപ്, വല്ലാതെ മോഹിച്ചു പോയതാണ്, സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം കിട്ടാന്‍. കസ്തൂരി മാമ്പഴം കാക്ക കൊത്തിപ്പോയെന്നു ട്രോളന്‍മാര്‍ക്കു പറയാമെങ്കിലും ട്രംപിന് സമാധാനമില്ലാത്ത അവസ്ഥ എന്തൊക്കെ പ്രതികാര നടപടികളിലേക്കു പോകുമെന്നാണ് കണ്ടറിയേണ്ടത്. സമാധാനം ഒഴികെയുള്ള മറ്റു മേഖലകളില്‍ നോബല്‍ സമ്മാനം നിശ്ചയിക്കുന്നത് റോയല്‍ സ്വീഡിഷ് അക്കാദമി അടക്കമുള്ള സ്ഥാപനങ്ങളാണെങ്കിലും സമാധാന നോബലില്‍ സ്വീഡനു പങ്കില്ല, അതു നിശ്ചയിക്കുന്നത് നോര്‍വേയിലെ നോബല്‍ കമ്മിറ്റിയാണ്. അതായത് ട്രംപിനു കലി കയറുന്നത് നോര്‍വേയ്ക്കു മേല്‍ ആയിരിക്കും. നോര്‍വേയുടെ കാര്യം എന്തെന്നു കണ്ടു തന്നെ അറിയണമെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ പലരും പറയുന്നത്. നോര്‍വെയെ കാത്തിരിക്കുന്നത് ട്രംപന്‍ കോപത്തിന്റെ നാളുകളായിരിക്കുമോ. എന്നാല്‍ ട്രംപിനു സമാധാന നോബല്‍ കിട്ടില്ലെന്നു തുടക്കം മുതല്‍ പറഞ്ഞിരുന്നവര്‍ ധാരാളമാണ്. അതിനു കൃത്യമായ കാരണങ്ങളുമുണ്ട്.
ഇക്കൊല്ലത്തെ നോബല്‍ പുരസ്‌കാരങ്ങള്‍ക്കു നോമിനേഷനുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31 ആയിരുന്നു. ട്രംപ് അധികാരത്തില്‍ കയറിയത് അതിനു തലേന്നു മാത്രമാണ്. ട്രംപ് അവകാശപ്പെടുന്ന സമാധാന ശ്രമങ്ങളെല്ലാമുണ്ടായത് ഈ തീയതിക്കു ശേഷമാണ്. അടുത്ത വര്‍ഷം പോലും ട്രംപിനു നോബല്‍ സമ്മാനം കിട്ടണമെന്നുമില്ല. അതിനു കാരണം ട്രംപ് അവകാശപ്പെടുന്നതു പോലെ ഒരിടത്തും പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല എന്നതു തന്നെ. ഉദാഹരണത്തിന് ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലുള്ള തര്‍ക്കം. അതുപോലെ ട്രംപിന്റെ തീരുവയുദ്ധവും യുഎന്‍ വിരുദ്ധ നയങ്ങളുമൊക്കെ നോബലിന്റെ പ്രഖ്യാപിത മൂല്യങ്ങളെ തന്നെ നിരാകരിക്കുന്നതാണ്. സ്വയം പുകഴ്ത്തലിന്റെ കാര്യവും നോബല്‍ സമ്മാനത്തിലെത്തുമ്പോള്‍ നെഗറ്റീവ് മാര്‍ക്ക് മാത്രം സമ്പാദിക്കുന്നതാണ്. ഇക്കാര്യങ്ങളൊക്കെ ലോകത്തിനു മുഴുവന്‍ മനസിലായാലും ട്രംപിന് ഏതെങ്കിലും കാലത്ത് മനസിലാകുമെന്നു കരുതുന്നവര്‍ കുറവാണ്.