ഗാസയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നു, ഇസ്രയേല്‍ സേന പിന്‍മാറ്റം ആരംഭിച്ചു

ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നുവെന്ന് ഇസ്രയേല്‍. ഇതിന് ഇസ്രേലി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിച്ചു. ഇതോടെ കരാര്‍ പ്രകാരം അനുവദിച്ചിരിക്കുന്ന മേഖലകളിലേക്ക് ഇസ്രേലി സൈന്യം പിന്‍വാങ്ങിയിട്ടുണ്ട്. ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ ഇസ്രയേല്‍ സേന സ്ഥിരീകരിച്ചു. ഗാസയില്‍ നിന്നു പ്രാണരക്ഷാര്‍ഥം ഓടിപ്പോയ ജനങ്ങള്‍ വലിയ കൂട്ടങ്ങളായി മടങ്ങിവന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഗാസയിലെ പകുതിയിലധികം സ്ഥലത്തിന്റെയും നിയന്ത്രണം ഇസ്രയേലിന്റെ പക്കലാണ്. അവിടേക്കാണ് സൈന്യം പിന്‍വാങ്ങി നിലയുറപ്പിച്ചിരിക്കുന്നത്. പ്രാദേശികമായ ഭീഷണികള്‍ നേരിടുന്നതിനായി സൈന്യം അവിടെത്തന്നെ തുടരുമെന്നാണ് അറിയുന്നത്. ശേഷിക്കുന്ന സ്ഥലത്തായിരിക്കും ജനങ്ങള്‍ പാര്‍പ്പുറപ്പിക്കുക.
അടുത്ത 72 മണിക്കൂറിനുള്ളില്‍ ബന്ദി മോചനം അടക്കമുള്ള കരാര്‍ വ്യവസ്ഥകള്‍ ഹമാസ് പാലിക്കും. ഇതേ സമയത്തു തന്നെ പലസ്തീന്‍ തടവുകാരെ വിട്ടയയ്ക്കുന്നതിന് ഇസ്രയേലും തയാറാകും. ആകെ ഇരുനൂറ്റമ്പതോളം പലസ്തീന്‍ തടവുകാരാണ് ഇസ്രയേലിന്റെ പക്കലുള്ളതെന്നു കണക്കാക്കുന്നു. ഗാസയിലേക്ക് എല്ലാദിവസവും അറുനൂറ് ട്രക്കുകള്‍ വീതം കടത്തിവിടാമെന്ന് ഇസ്രയേല്‍ സമ്മതിച്ചിട്ടുണ്ട്. ഇതിനായി രണ്ടു സ്ട്രീറ്റുകള്‍ അനുവദിച്ചിട്ടുമുണ്ട്. ഭക്ഷ്യ വസ്തുക്കള്‍, മരുന്നുകള്‍ എന്നിവയും താല്‍ക്കാലിക പാര്‍പ്പിടങ്ങള്‍ നിര്‍മിക്കുന്നതിനുള്ള വസ്തുക്കളുമായിരിക്കും ഇത്തരത്തിലെത്തുന്ന ട്രക്കുകളിലുണ്ടാവുക.