ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് അവകാശപ്പെട്ട് ട്രോഫി വിട്ടുകൊടുക്കാതെ സ്വന്തമായി സൂക്ഷിച്ച് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനുമായ മുഹസിന്‍ നഖ്‌വി. ദുബായിലെ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ ഓഫീസില്‍ ചെയര്‍മാനായ നഖ്‌വിയുടെ ഔദ്യോഗിക മുറിയില്‍ ട്രോഫി പൂട്ടി വച്ചിരിക്കുകയാണെന്നാണ് വിവരം. ട്രോഫി അവിടെ നിന്നു മാറ്റുകയോ കൈമാറുകയോ ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുകയാണ് ചെയര്‍മാന്‍. കിരീടം നേടിയ ഇന്ത്യ പാക്കിസ്ഥാനി മന്ത്രിയില്‍ നിന്നു ട്രോഫി സ്വീകരിക്കില്ലെന്ന് അന്നേ വ്യക്തമാക്കിയിരുന്നതാണ്. എന്നാല്‍ ഇന്ത്യയ്ക്ക് ആരെങ്കിലും കപ്പ് കൈമാറുന്നെങ്കില്‍ അതു താന്‍ തന്നെയായിരിക്കുമെന്നാണ് നഖ്വിയുടെ തീരുമാനം. പാക്കിസ്ഥാനുമായുള്ള ബന്ധം മോശമായി തുടരുന്ന സാഹചര്യത്തിലാണ് പാക് മന്ത്രിയില്‍ നിന്നു ട്രോഫി സ്വീകരിക്കില്ലെന്ന നിലപാടിലേക്ക് ഇന്ത്യ എത്തിയിരുന്നത്. പകരം എമിറേറ്റ്‌സ് ക്രിക്കറ്റ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ട്രോഫി കൈമാറണമെന്നും ഇന്ത്യ അഭ്യര്‍ഥിച്ചിരുന്നു. പാക്കിസ്ഥാന്‍ ടീമിനെ ഫൈനലില്‍ തോല്‍പിച്ചാണ് ഇന്ത്യ ജേതാക്കളായത്. ഇതിലുള്ള ഇച്ഛാഭംഗവും കൂടി ചേര്‍ന്നാണ് ട്രോഫിയുടെ കാര്യത്തില്‍ കടുംപിടുത്തം തുടരുന്നതിനു നഖ്വി തീരുമാനിക്കുന്നതെന്നും പറയുന്നു.
ഇന്ത്യയ്ക്കു കിട്ടേണ്ട ഏഷ്യ കപ്പ് ട്രോഫി മുറിയില്‍ പൂട്ടിവച്ച് പാക് വിദേശകാര്യ മന്ത്രി

