എട്ടു ദിവസം കുതിച്ചു, ഇന്ന് കിതച്ചു, സ്വര്‍ണം ഒരു പവന് 89680ലേക്ക് വിലയിടിവ്

തിരുവനന്തപുരം: എട്ടു ദിവസമായി കുത്തനെ മുകളിലേക്കു കയറുന്നതു മാത്രം ശീലമാക്കിയിരുന്ന സ്വര്‍ണവില ഇന്നു ഗണ്യമായി കുറഞ്ഞു. ഒരു പവന് 1360 രൂപയാണ് ഇന്നു മാത്രം കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില മൂന്നു നാളുകള്‍ക്കു ശേഷം വീണ്ടും90000 രൂപയ്ക്കു താഴെയെത്തി. ഇന്നത്തെ വില ഒരു പവന് 89680 രൂപ. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 170 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഗാസയില്‍ സംഘര്‍ഷം രൂക്ഷമാകുകയും ഒരു സമ്പാദ്യമെന്ന നിലയില്‍ ഡോളറിന്റെ ആകര്‍ഷണം കുറയുകയും ചെയ്തതാണ് സ്വര്‍ണവിലയിലും പ്രതിഫലിച്ചിരുന്നത്. ട്രംപിന്റെ ഇടപെടലോടെ യുദ്ധ വിരാമമാകുകയും അതിനൊപ്പം ഡോളറിന്റെ നില ശക്തമാകാന്‍ തുടങ്ങിയതുമാണ് സ്വര്‍ണവിലയിലും പ്രതിഫലിക്കുന്നതെന്ന് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില രേഖപ്പെടുത്തിയത് ഇന്നലെയായിരുന്നു, പവന് 91040 രൂപയും ഗ്രാമിന് 11380 രൂപയും. അവിടെ നിന്നാണ് ഒരു ദിവസം കൊണ്ട് ഇത്രയും കുറവുണ്ടായിരിക്കുന്നത്.