സ്വര്‍ണപ്പാളികളില്‍ നിന്ന് 475 ഗ്രാം സ്വര്‍ണം നഷ്ടമായി, ഹൈക്കോടതി സ്വരം കടുപ്പിക്കുന്നു

കൊച്ചി: ശബരിമലയിലെ സ്വര്‍ണപ്പാളിക്കേസില്‍ ദേവസ്വം വിജിലന്‍സ് ഹൈക്കോടതിയില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇതിനെ അടിസ്ഥാനമാക്കി ഹൈക്കോടതി അടുത്ത നടപടികളിലേക്കു കടന്നു. സ്വര്‍ണപ്പാളിയില്‍ നിന്ന് 475 ഗ്രാമോളം സ്വര്‍ണം കാണാതായിട്ടുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതു സംബന്ധിച്ച് കേസെടുത്ത് നിഷ്പക്ഷമായ രീതിയില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസില്‍ സംസ്ഥാന പോലീസ് മേധാവിയെ കോടതി നേരിട്ട് കക്ഷിചേര്‍ക്കുകയും ചെയ്തു. വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍ട്ട് ഇന്നു തന്നെ ദേവസ്വം ബോര്‍ഡിനു കൈമാറാനും കോടതിയുടെ നിര്‍ദേശമുണ്ട്. ബോര്‍ഡ് ഈ റിപ്പോര്‍ട്ട് സംസ്ഥാന പോലീസ് മേധാവിക്കു കൈമാറണം. തുടര്‍ന്ന് പോലീസ് മേധാവിയുടെ നിര്‍ദേശാനുസരണമായിരിക്കണം പ്രത്യേകാന്വേഷണ സംഘം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തേണ്ടത്. ചെമ്പു പാളികള്‍ക്കു പുറമെ വാതില്‍പ്പടി, വശങ്ങളിലെ ചട്ടങ്ങള്‍ എന്നിവയില്‍ സ്വര്‍ണം പൂശിയതു സംബന്ധിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.