മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം നടപ്പില്ല, യാത്രാനുമതി നിഷേധിച്ച് വിദേശകാര്യ വകുപ്പ്

തിരുവനന്തപുരം: ഈ മാസം പതിനാറിന് ഗള്‍ഫ് പര്യടനത്തിനുള്ള ഐറ്റിനററി വരെ തയാറാക്കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചടി. മൂന്നാഴ്ചക്കാലം നീണ്ടു നില്‍ക്കുന്ന പര്യടനത്തിന് വിദേശകാര്യ മന്ത്രാലയം അനുമതി നിഷേധിച്ചു. ഇതു സംബന്ധിച്ച അറിയിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചു. എന്നാല്‍ അനുമതി നിഷേധിക്കാനുള്ള കാരണം ഇതില്‍ വ്യക്തമാക്കിയിട്ടില്ല. നവംബര്‍ ഒമ്പതു വരെ ഗള്‍ഫിലെ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിനായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസ് അനുമതി തേടിയിരുന്നത്. മുഖ്യമന്ത്രിക്കൊപ്പം മന്ത്രി സജി ചെറിയാനും യാത്ര ചെയ്യാനായിരുന്നു പദ്ധതി. ഇടതു സര്‍ക്കാര്‍ പ്രവാസികള്‍ക്കായി നടപ്പാക്കിയ പദ്ധതികള്‍ വിശദീകരിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം എന്നതായിരുന്നു യാത്രയുടെ യഥാര്‍ഥലക്ഷ്യമെന്ന വിമര്‍ശനവും ഇതു സംബന്ധിച്ച് ഉയര്‍ന്നിരുന്നു.