വിശാഖപട്ടണം: ഐസിസി വനിതാ ലോകകപ്പ് ക്രിക്കറ്റില്‍ ആതിഥേയരായ ഇന്ത്യ ആദ്യമായി പരാജയം നുണഞ്ഞു. ദക്ഷിണാഫ്രിക്കയോടാണ് മൂന്നു വിക്കറ്റിനുള്ള തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 252 റണ്‍സ് എന്ന മികച്ച സ്കോര്‍ നേടിയാണ് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയച്ചത്. എന്നാല്‍ ആ വിജയലക്ഷ്യം ഏഴു പന്തും മൂന്നു വിക്കറ്റും ശേഷിക്കേ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു. 54 പന്തുകളില്‍ നിന്ന് എണ്‍പത്തിനാലു റണ്‍സെടുത്ത് പുറത്താകാതെ നിന്ന് ഓള്‍റൗണ്ടര്‍ നാദിന്‍ ഡി ക്ലാര്‍ക്ക് ആയിരുന്നു ദക്ഷിണാഫ്രിക്കന്‍ വിജയത്തിന്റെ ശില്പി. ഇന്ത്യയുടെ മികച്ച സ്കോര്‍ മറികടക്കുകയെന്ന വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം തീരെ ശരിയായില്ല. സ്കോര്‍ 18ല്‍ എത്തിയപ്പോള്‍ തന്നെ രണ്ടു വിക്കറ്റുകള്‍ നഷ്ടമായിരുന്നു. സ്കോര്‍ 57ല്‍ എത്തിയപ്പോഴേക്കും നാലു വിക്കറ്റുകളാണ് നഷ്ടമായത്. ഇതോടെ ഇന്ത്യ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷ പരക്കുകയും ചെയ്തു. ആറാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ടും ക്ലോ ട്രയോണും ചേര്‍ന്ന സഖ്യം സ്കോര്‍ 142ല്‍ എത്തിച്ചു. അപ്പോഴും റണ്‍റേറ്റ് തീരെ താഴ്്ന്നു തന്നെയായിരുന്നു നില്പ്. എന്നാല്‍ അവിടെ നിന്നു നാദിന്‍ ഡി ക്ലാര്‍ക്ക് സടകുടഞ്ഞ് എഴുന്നേല്‍ക്കുകയായിരുന്നു. അതിന് ഊറ്റമായ പിന്തുണ നല്കാന് ട്രയോണിനുമായി. 46ാം ഓവറില്‍ ട്രയോണ്‍ പുറത്തായെങ്കിലും ക്ലാര്‍ക്കിന്റെ റണ്‍സ് വേട്ട തുടര്‍ന്നു. അവസാന രണ്ട് ഓവര്‍ ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സ് മാത്രമായിരുന്നു. ഒന്നിനു പിന്നാലെ ഒന്നായി രണ്ടു സിക്സറുകള്‍ പായിച്ച് ക്ലാര്‍ക്ക് അനായാസം ആ ലക്ഷ്യം നേടുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി വിക്കറ്റ് കീപ്പറും ബാറ്ററുമായ റിച്ച ഘോഷ് നേടിയ 94 റണ്‍സ് പ്രകടനമാണ് മികച്ച സ്കോറിലെത്താന്‍ ഇന്ത്യയെ സഹായിച്ചത്. ആറു വിക്കറ്റ് നഷ്ടത്തില്‍ വെറും 102 റണ്‍സ് മാത്രം നേടി ഇന്ത്യ പരുങ്ങലിലായി നില്‍ക്കുമ്പോഴായിരുന്നു റിച്ചയുടെ വരവ്. പിന്നെ റണ്‍സ് മഴയായിരുന്നെന്നു പറയാം. വെറും 59 പന്തില്‍ നിന്ന് 98 റണ്‍സാണ് റിച്ചയും സ്നേഹ് റാണയും ചേര്‍ന്ന് ഇന്ത്യയ്ക്കായി നേടിയത്. അവസാന ഓവറില്‍ ഒരു സിക്സര്‍ ഉയര്‍ത്താനുള്ള ശ്രമത്തിനിടെയാണ് റിച്ച പുറത്താകുന്നത്.
വനിതാ ലോകകപ്പില്‍ ഇന്ത്യ ആദ്യമായി തോല്‍വി രുചിച്ചു, തോറ്റത് ദക്ഷിണാഫ്രിക്കയോട്

