ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ പ്രത്യേക തീവ്ര പരിഷ്കരണം മൂലം ബീഹാറിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്തായ 68.66 ലക്ഷം പേരില്‍ ആവശ്യമുള്ളവര്‍ക്കെല്ലാം അപ്പീല്‍ നല്കാന് സൗജന്യ നിയമസഹായം നല്‍കണമെന്ന് സുപ്രീം കോടതിയുടെ അതിപ്രധാന വിധി. ജില്ലാ ഇലക്ടറല്‍ ഓഫീസര്‍മാര്‍ക്കും സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കും മുമ്പാകെ അപ്പീല്‍ നല്‍കുന്നതിനാണ് അവസരമൊരുക്കേണ്ടത്. ഇതിനായി പാരലീഗല്‍ വോളന്റിയര്‍മാരെയും നിയമസഹായത്തിനുള്ള അഭിഭാഷകരെയും ലഭ്യമാക്കണമെന്ന് ജസ്റ്റിസുമാരായ എ സുര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബഞ്ച് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ബീഹാര്‍ നിയമസഹായ അതോറിറ്റി ചെയര്പേഴ്സന് എല്ലാ ജില്ലാ നിയമസഹായ അതോറിറ്റി സെക്രട്ടറിമാര്‍ക്കും ഇന്നുതന്നെ ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കണമെന്ന് കോടതിയുടെ ഉത്തരവില്‍ പറയുന്നു.
വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്തായവര്‍ക്ക് അപ്പീല്‍ നല്കാന് സമയക്കുറവുള്ളതുകൊണ്ടാണ് ഇത്തരത്തില്‍ നിര്‍ദേശം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി. ഓരോ ഗ്രാമത്തിലെയും പാരാലീഗല്‍ വോളന്റിയര്‍മാരുടെ പേരും ഫോണ്‍നമ്പരുമടക്കം ജില്ലാ നിയമസഹായ അതോറിറ്റി പ്രസിദ്ധീകരിക്കണം. അപ്പീലുമായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഇവരെ സമീപിക്കണം. വോട്ടര്‍ പട്ടികയില്‍ നിന്നു പുറത്തായവരുടെ വിവരങ്ങള്‍ പാരാലീഗല്‍ വോളന്റിയര്‍മാര്‍ ബിഎല്ഓമാരില് നിന്നു ശേഖരിക്കണം. തുടര്‍ന്ന് ഓരോ അത്തരം വോട്ടര്‍മാര്‍ ഓരോരുത്തരെയും നേരില്‍ കണ്ട് അപ്പീല്‍ നല്കാന് നിയമപരമായ അവകാശമുണ്ടെന്നു ബോധ്യപ്പെടുത്തുകയും അഭിഭാഷക സേവനം എത്തിക്കുകയും ചെയ്യണം. കരട് വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്കും പാരാലീഗല്‍ വോളന്റിയര്‍മാരുടെ സേവനം തേടാവുന്നതാണെന്നും കോടതി വ്യക്തമാക്കി.
ബീഹാറില്‍ പേരു വെട്ടിയ വോട്ടര്‍മാര്‍ക്ക് അപ്പീലിനു സൗജന്യ നിയമ സഹായം നല്‍കണമെന്ന്

