കൊച്ചി: ഇന്ന് ഒരു പ്രാവശ്യം സ്വര്‍ണത്തിനു വില കൂടിക്കഴിഞ്ഞു. ഇനിയും ഇന്നു വിലവര്‍ധന ഉണ്ടാകുമോ എന്നാര്‍ക്കും നിശ്ചയവുമില്ല. ഇന്നലെയാണെങ്കില്‍ രണ്ടു തവണയാണ് സ്വര്‍ണത്തിനു വില കൂടിയത്. ഇന്നു രാവിലെ വിപണി തുറന്നപ്പോള്‍ രേഖപ്പെടുത്തിയ വിലവര്‍ധനവ് ഗ്രാമിന് 160 രൂപയുടെയാണ്. അതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 91000 കടന്ന് 91040 എന്ന സര്‍വകാല റെക്കോഡിലെത്തി. ഇനിയും ഇന്നു കൂടുമോയെന്ന് ആര്‍ക്കും നിശ്ചയമില്ലാത്ത അവസ്ഥയിലാണ് സ്വര്‍ണവിപണി. ഇന്നലെയാണെങ്കില്‍ രാവിലത്തെ വിലകൂടലില്‍ തന്നെ ഒരു പവന്റെ വില 90000 എന്ന സര്‍വകാല ഉയരത്തിലെത്തിയിരുന്നതാണ്. ഉച്ചകഴിഞ്ഞതോടെ അവിടെ നിന്നും വളര്‍ന്ന് 91000ന്റെ തൊട്ടു ചുവട്ടിലെത്തിയാണ് പൊന്നിന്‍ വില നിന്നത്. ഇന്നലെ രാവിലെ രാജ്യാന്തര വില ഔണ്‍സിന് 4000 ഡോളര്‍ എന്ന ഉയരത്തിലെത്തിയപ്പോഴേ കേരളത്തില്‍ ഒരു പവന്റെ വില 90320 എന്ന നിലയിലായി. ഉച്ചയ്ക്കു ശേഷം വീണ്ടും രാജ്യാന്തര വിലയില്‍ ഉയര്‍ച്ച. അതോടെ ഒരു പവന്റെ വില വീണ്ടും ഉയര്‍ന്ന് 90880 എന്ന നിലയിലായി. അതില്‍ നിന്നും വീണ്ടും ഉയരുന്ന ട്രെന്‍ഡ് മാത്രമാണ് ഇപ്പോള്‍ വിപണിയിലുള്ളത്. ജിഎസ്ടിയും പണിക്കൂലിയുമെല്ലാം ചേര്‍ത്തു വരുമ്പോള്‍ ഒരു പവന് ഒരു ലക്ഷം രൂപ എന്നത് കടക്കാന്‍ ഇനി ചിലപ്പോള്‍ ഏതാനും മണിക്കൂറുകള്‍ മാത്രം മതിയാകും. ഇന്നു രാവിലത്തെ രാജ്യാന്തര തലത്തിലെ വിലവര്‍ധന വച്ച് ഒരു ഗ്രാമിന് ഇപ്പോള്‍ കേരളത്തിലെ വിപണിവില 11380 രൂപയാണ്. ഡോളറിന്റെ അപ്രമാദിത്വം തകരുന്നതനുസരിച്ച് വിവിധ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു പിന്നിലെ കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
ഒരു പവന് കൊടുക്കണം 91040 രൂപ, പവന് ഒരു ലക്ഷത്തിലേക്ക് ഇനി ഏറെ ദൂരമില്ല

