മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പ്രവാസലോകത്തെ ഏറ്റവും വലിയ വടംവലിയായ മെല്‍ബണ്‍ വടംവലിക്ക് തിരിതെളിയുവാന്‍ ഇനി ദിവസങ്ങള്‍ മാത്രം. നവംബര്‍ മാസം ഒന്നാം തിയതി, മെല്‍ബണിലെ ഡാണ്ടിനോങ് സെന്റ് ജോണ്‍സ് റീജിയണല്‍ കോളേജില്‍ വെച്ചാണ് ഫിഷിങ് ആന്‍ഡ് അഡ്വെഞ്ചര്‍ ക്ലബ് മെല്‍ബണും (FAAM Club) മെല്‍ബണ്‍ കോട്ടയം ബ്രദേഴ്‌സും (MKB) സംയുക്തമായി സംഘടിപ്പിക്കുന്ന ഹോംഫിന്‍ ലോണ്‍സ് വന്‍ഡോര്‍ വേ ഇന്റര്‍നാഷണല്‍ അണിയിച്ചൊരുക്കുന്ന മെല്‍ബണ്‍ വടംവലി മാമാങ്കം അരങ്ങേറുന്നത്.
ന്യൂസിലാന്‍ഡില്‍ നിന്നും മൂന്ന് ടീമുകള്‍ ഉള്‍പ്പെടെ ഓഷ്യാനയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 24 ചാമ്പ്യന്‍ ടീമുകളാണ് ഈ ചരിത്ര വടംവലിമത്സരത്തില്‍ പങ്കാളികളാകുന്നത്. ഓസ്ട്രേലിയ കണ്ട ഏറ്റവും വലിയ ട്രോഫി, പ്രവാസലോകത്ത് ഏറ്റവും കൂടുതല്‍ ടീമുകള്‍ പങ്കെടുക്കുന്ന മത്സരം അങ്ങനെ ഒരുപാട് പ്രത്യേകതകളുമായാണ് മൂന്നാമത് മെല്‍ബണ്‍ വടംവലിക്ക് കാഹളമൂതുവാന്‍ പോകുന്നത്.

കുട്ടികള്‍ക്കായി വിവിധ വിനോദപരിപാടികള്‍, നാടന്‍ ഭക്ഷണശാല, തെക്കന്‍ റെവല്യൂഷന്റെ ബാന്‍ഡ്, ഫ്ളാഷ്‌മൊബ് തുടങ്ങി ഒട്ടനവധി വൈവിധ്യങ്ങളുമായാണ് ഈ കലാപൂരം കാണികളെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കുന്നത്.
മനോജ് മാത്യു വള്ളിത്തോട്ടം ചെയര്‍മാനായും, ബിജോ മുളയ്ക്കല്‍ കണ്‍വീനറായും, സിബിള്‍ മണ്ണാട്ടുപറമ്പില്‍ ഓഫീസ് സെക്രട്ടറിയായും, തൊമ്മി മലയില്‍ ടീം ക്യാപ്റ്റനായും, എണ്ണയിട്ട യന്ത്രംപോലെ പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നത്. ജോജി സി ബേബി കുന്നുകാലായില്‍, ബെഞ്ചമിന്‍ മേച്ചേരിയില്‍, കിരണ്‍ ജോ പതിയില്‍, ജിം ജോസ് ചെറുകര, ഷാജി കൊച്ചുവേലിക്കകം, തമ്പി ചക്കാലയില്‍, ജോണ്‍ പുതിയകുന്നേല്‍, ജോയ്സ് കാഞ്ഞിരത്തിങ്കല്‍, ജിജോ ബേബി കാക്കനാട്ട്, മെല്‍വിന്‍ സജി കുന്നുംപുറം, ഷിനോയ് സ്റ്റീഫന്‍ മഞ്ഞാങ്കല്‍ എന്നിവരാണ് മറ്റ് സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍.
ചരിത്രമാകുവാന്‍ പോകുന്ന മെല്‍ബണ്‍ വടംവലി കണ്ടാസ്വദിക്കുവാനും, ചാമ്പ്യന്‍ ടീമുകളെ പ്രോത്സാഹിപ്പിക്കുവാനും, ഓഷ്യാനയിലെ എല്ലാ വടംവലി പ്രേമികളെയും ഏറ്റവും സ്‌നേഹപൂര്‍വ്വം ഡാന്‍ഡിനോങ്ങിലേയ്ക്ക് സ്വാഗതം ചെയ്തുകൊള്ളുന്നുവെന്ന് സംഘാടകാരായ ഫാം ക്ലബും എം.കെ.ബിയും അറിയിച്ചു.

