കൊളംബോ: വനിതകളുടെ ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ പാക്കിസ്ഥാനു തോല്‍വി മാത്രം കൂട്ട്. ബംഗ്ലാദേശിനോടും ഇന്ത്യയോടും തോറ്റതിനു പിന്നാലെ ഇന്നലെ നടന്ന മൂന്നാമത്തെ കളിയില്‍ നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയോടും തോറ്റും. ഏറ്റവും നാണകെട്ട തോല്‍വി ഏറ്റുവാങ്ങിയതും ഓസ്ട്രേലിയയുടെ പക്കല്‍ നിന്ന്. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അമ്പത് ഓവറില്‍ ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 221 റണ്‍സ് നേടിയിരുന്നു. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാന് ടീം ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന് 36.3 ഓവറില്‍ എല്ലാ വിക്കറ്റും നഷ്ടപ്പെട്ട് 114 റണ്‍സിലേക്ക് ചുരുങ്ങി. 107 റണ്‍സിന് ഓസ്ട്രേലിയന്‍ ടീമിന് ആധികാരിക ജയം.
പാക്കിസ്ഥാന് നിരയില്‍ 52 പന്തില്‍ നിന്ന് 35 റണ്‍സ് നേടിയ സിദ്ര അമീന് ആണ് ടോപ്പ് സ്കോറര്‍. ഓസ്ട്രേലിയയ്ക്കു വേണ്ടി കിം ഗാര്‍ത്ത് മുന്നു വിക്കറ്റ് വീഴ്ത്തി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ വന്‍ ബാറ്റിങ് തകര്‍ച്ചയാണ് തുടക്കത്തില്‍ നേരിട്ടത്. 115 റണ്‍സ് നേടുന്നതിനിടെ എട്ടു വിക്കറ്റുകളാണ് നഷ്ടപ്പെടുത്തിയത്. എന്നാല്‍ ബെത്ത് മൂണി നേടിയ 109 റണ്‍സിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ചാമ്പ്യന്മാരുടെ ശ്വാസം നേരെ വീഴ്ത്തിയത്. വാലറ്റത്തു നിന്ന് ഒപ്പമെത്തിയ അലാന കിംഗ് 51 റണ്‍സിന്റെ അര്‍ധ സെഞ്ചുറിയും നേടി. ഇതും വിജയത്തില്‍ നിര്‍ണായകമായി. ബെത്ത് മൂണിയാണ് പ്ലേയര്‍ ഓഫ് ദി മാച്ച്.
വനിതാ ലോകകപ്പ്, പാക്കിസ്ഥാനു വീണ്ടും തോല്‍വി, ഇന്നലെ തോറ്റത് ഓസ്ട്രേലിയയോട്

