ഗാസയ്ക്കു പുറത്തെ ആയുധങ്ങള്‍ താഴെ വയ്ക്കാന്‍ ഹമാസ് തയാറാകുന്നതായി സൂചനകള്‍

ഗാസ സിറ്റി: ഗാസയിലെ യുദ്ധം അവസാനിപ്പിക്കാന്‍ നടത്തുന്ന മധ്യസ്ഥ ശ്രമങ്ങളില്‍ നേരിയ പുരോഗതി ആദ്യമായി ദൃശ്യമാകുന്നു. ഇസ്രയേല്‍ ഇനി ഗാസ ആക്രമിക്കില്ലെന്ന് ഡൊണാള്‍ഡ് ട്രംപിന് ഉറപ്പു നല്‍കാനായാല്‍ ഭാഗിക നിരായുധീകരണത്തിന് ഹമാസ് തയാറായേക്കുമെന്ന സൂചനകളാണ് മധ്യസ്ഥന്‍മാര്‍ പുറത്തുവിടുന്നത്. ഹമാസും ഇതിന് അര്‍ധസമ്മതം മൂളിയിട്ടുണ്ട്. എന്നാല്‍ ഹമാസിലെ തീവ്രവാദ വിഭാഗങ്ങള്‍ ഇടഞ്ഞു നില്‍ക്കുന്നതാണ് ഇപ്പോഴും വെല്ലുവിളി. ചര്‍ച്ചകള്‍ ഏറക്കുറേ വഴിമുട്ടുകയും ഇസ്രയേല്‍ ഇളവില്ലാതെ ആക്രമണം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ പ്രായോഗിക സമീപനം സ്വീകരിക്കാന്‍ ഹമാസ് തയാറാകുമെന്ന സൂചനകള്‍ക്കാണ് ഇപ്പോള്‍ മുന്‍തൂക്കം. യുദ്ധം അവസാനിപ്പിക്കാന്‍ ഈ സാഹചര്യം ബഞ്ചമിന്‍ നെതന്യാഹുവിനും ആവശ്യമാണ്. ഗാസയ്ക്കു പുറത്ത് ആയുധങ്ങള്‍ ഉപയോഗിക്കുകയില്ലെന്ന സമ്മതമാണ് ഹമാസിനു സ്വീകാര്യമായി ഇപ്പോള്‍ മാറിയിരിക്കുന്നത്. എന്നാല്‍ ഗാസയിലെ സ്ഥിതി വ്യത്യസ്തമാണെന്ന് ഹമാസ് അഭിപ്രായപ്പെടുന്നു. ഇസ്രേലി സേനയുടെ ആക്രമണത്തെക്കാള്‍ ഹമാസിന് ഇപ്പോള്‍ വെല്ലുവിളിയായിരിക്കുന്നത് ഇസ്രയേലിന്റെ സംരക്ഷണയില്‍ വളര്‍ന്നുവരുന്ന കൂലിപ്പടയാളികളാണ്. ഇവരെ നേരിടണമെങ്കില്‍ ആയുധങ്ങള്‍ കൂടാതെ കഴിയില്ലെന്നാണവരുടെ വാദം. അടുത്ത കീറാമുട്ടിയായി ശേഷിക്കാന്‍ പോകുന്നത് ഹമാസ് വര്‍ഷങ്ങളെടുത്ത് നിര്‍മിച്ച തുരങ്കങ്ങളും ഭൂഗര്‍ഭ കേന്ദ്രങ്ങളും സ്വതന്ത്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നശിപ്പിക്കണമെന്ന ട്രംപ് ഫോര്‍മുലയിലെ ഭാഗമാണ്. ഭാഗികമായി ആയുധം ഉപേക്ഷിക്കാന്‍ ഹമാസിനെ പ്രേരിപ്പിക്കാനായാല്‍ ഈ വിഷയത്തിലായിരിക്കും ചര്‍ച്ച കേന്ദ്രീകരിക്കുകയെന്നും പറയപ്പെടുന്നു. എന്തായാലും യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ തന്നെയാണ് ഇപ്പോള്‍ മധ്യസ്ഥന്‍മാര്‍ക്കുള്ളത്. അതുകൊണ്ടാണ് സമാധാന പ്രഖ്യാപനം നടത്താന്‍ ട്രംപ് നേരിട്ടെത്തുന്ന സാഹചര്യത്തിന് ഒരുക്കങ്ങള്‍ ഇപ്പോഴേ തുടങ്ങിയിരിക്കുന്നതും.