ലോസ്ആഞ്ചലസ്: ആസ്ബസ്റ്റോസ് സമ്പര്‍ക്കം മൂലമുണ്ടാകുന്ന മെസോതലിയോമ എന്ന അപൂര്‍വയിനം കാന്‍സര്‍ ബാധിച്ച് കാലിഫോര്‍ണിയ സ്വദേശിനിയായ സ്ത്രീ മരിക്കാനിടയായത് ചെറുപ്പം മുതല്‍ സ്ഥിരമായി ജോണ്സന് ആന്‍ഡ് ജോണ്‍സന്റെ ബേബി ടാല്‍ക്ക് പൗഡര്‍ ഉപയോഗിച്ചതു മൂലമാണെന്നു കണ്ടെത്തിയ ലോസ്ആഞ്ചലസ് കോടതി ജോണ്സന് ആന്‍ഡ് ജോണ്സന് കമ്പനി 96.6 കോടി ഡോളര്‍ പിഴ ഒടുക്കണമെന്നു വിധിച്ചു. 2021ല്‍ എണ്‍പത്തെട്ടാമത്തെ വയസില്‍ നിര്യാതയായ മേ മൂറിന്റെ മരണകാരണം ഈയിനം കാന്‍സറാണെന്നു ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിരുന്നു. അന്നു മുതല്‍ ഇവരുടെ കുടുംബാംഗങ്ങള്‍ ജോണ്സന് ആന്‍ഡ് ജോണ്‍സനെതിരേ നിയമയുദ്ധത്തിലായിരുന്നു. ഈ കമ്പനിയുടെ ബേബി പൗഡറുകളില്‍ ആസ്ബസ്റ്റോസിന്റെ സാന്നിധ്യമുണ്ടെന്നു നേരത്തെ കണ്ടെത്തിയിരുന്നു. പിന്നീട് ഇവര്‍ പൗഡറിന്റെ കൂട്ടില്‍ മാറ്റം വരുത്തിയിരുന്നെങ്കിലും അതിനു വളരെ മുമ്പു മുതല്‍ മേ മൂര്‍ ഈ പൗഡര്‍ മാത്രമായിരുന്നു ഉപയോഗിച്ചിരുന്നതെന്ന് പരേതയുടെ കുടുംബം അവകാശപ്പെട്ടിരുന്നു. ഈ വാദം ശരിവച്ചുകൊണ്ടാണ് കോടതിയുടെ അതിഭീമമായ തുകയുടെ നഷ്ടപരിഹാര വിധി വന്നിരിക്കുന്നത്. എന്നാല്‍ മേല്‍ക്കോടതിയില്‍ കമ്പനി അപ്പീലുമായി പോയാല്‍ തുക ഇളവു ചെയ്തു ലഭിക്കുമെന്ന് നിയമവിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. അമേരിക്കയില്‍ രണ്ടു തരത്തിലുള്ള പരിഹാരത്തുകകള് കോടതികള്‍ വിധിക്കാറുണ്ട്. ശിക്ഷയായ പരിഹാരത്തുകയും നഷ്ടത്തിനുള്ള പരിഹാരത്തുകയും. ഇതില്‍ രണ്ടാമത്തെ ഇനത്തിലുള്ള നഷ്ടപരിഹാരത്തുകയെക്കാള് ഒമ്പത് ഇരട്ടിയില്‍ കവിയാത്ത തുക മാത്രമാണ് ശിക്ഷയായുള്ള പരിഹാരത്തുക വരാവുള്ളൂവെന്നാണ് നിയമം അനുശാസിക്കുന്നതെന്നവര് പറയുന്നു. എന്തായാലും ഉടന്‍ തന്നെ മേല്‍ക്കോടതിയില്‍ അപ്പീലുമായി പോകുന്നതിനാണ് ജോണ്സന് ആന്‍ഡ് ജോണ്‍സന്റെ തീരുമാനം.
ജോണ്സന് ആന്‍ഡ് ജോണ്സന് കമ്പനിക്കെതിരേ 96 കോടിയുടെ നഷ്ടപരിഹാര വിധി

