വരൂന്നൂ ഉമ്മന്‍ ചാണ്ടി സിനിമയും പിണറായി സിനിമയും പൊതുതിരഞ്ഞെടുപ്പും

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയും പിണറായി വിജയനും ഇലക്ഷന്‍ സ്‌പെഷലായി വെള്ളിത്തിരയ്ക്കു വേണ്ടി അണിയറയില്‍ ഒരുങ്ങുന്നു. ഉമ്മന്‍ ചാണ്ടിയുടെ ജീവിതം ഇതിവൃത്തമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രവും പിണറായി വിജയന്റെ ജീവിതം ബയോപിക് രൂപത്തിലിറക്കുന്ന തനി രാഷ്ട്രീയ ചിത്രവുമാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പിണറായി സിനിമയുടെ സംവിധായകന്‍ പി എം തോമസുകുട്ടി. പേര് ദി കൊമ്രേഡ്
ഉമ്മന്‍ ചാണ്ടിയെ കേന്ദ്ര കഥാപാത്രമായി അവതരിപ്പിക്കുന്ന സിനിമയുടെ മുഴുവന്‍ കാര്യങ്ങളും സസ്‌പെന്‍സാണ്. പേരു പോലും പുറത്തു വിട്ടിട്ടില്ല. സോളാര്‍ വിവാദം അടക്കമുള്ള കാര്യങ്ങള്‍ ഇതില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികള്‍ എന്ന രീതിയിലാണ് സിനിമ പുരോഗമിക്കുക എന്നു പറയപ്പെടുന്നു. ഇതില്‍ മുഖ്യമന്ത്രിയുടെ വേഷമിടുന്നത് ബാലചന്ദ്രമേനോനാണ്. ചാണ്ടി ഉമ്മനായി നിവിന്‍ പോളിയും എത്തുന്നു.
എന്നാല്‍ പിണറായി സിനിമ തനി രാഷ്ട്രീയ സിനിമ തന്നെ. ഇതു പൂവരണി നമ്പൂതിരിയുടെ കാരണഭൂതന്‍ പാട്ടിന്റെ നിലവാരത്തിലായിരിക്കുമോയെന്ന കാര്യമേ ഇനി സസ്‌പെന്‍സായിട്ടുള്ളൂ. തലശേരി കലാപകാലത്തെ പിണറായിയുടെ ഇടപെടല്‍ മുതല്‍ കോവിഡ് കാലത്തെ ഇടപെടല്‍ വരെയാണ് ഇതില്‍ കൈകാര്യം ചെയ്യുന്നതെന്നു പറയുമ്പോഴേ കഥയുടെ പോക്ക് എങ്ങോട്ടെന്നു വ്യക്തമാകുന്നു. അടുത്ത വര്‍ഷം സംസ്ഥാന നിയമസഭയിലേക്ക് പൊതു തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതില്‍ വോട്ടുപിടിക്കാന്‍ സിനിമയെയും ആയുധമാക്കുന്നു എന്നൊരു പ്രത്യേകത കൂടി ഈ സിനിമകള്‍ രണ്ടും നിമിത്തം തിരഞ്ഞെടുപ്പിനുണ്ടാകുന്നു. കേരള രാഷ്ട്രീയത്തിനു തീരെ പരിചിതമല്ലാത്ത കാര്യമാണ് സിനിമ ഉപയോഗിച്ചുള്ള വോട്ടുപിടുത്തം.