നമ്മുടെ മലയാളീപത്രത്തിനു പതിനഞ്ചാം പിറന്നാള്‍, ആഘോഷം മ ഫെസ്റ്റിനൊപ്പം

സിഡ്‌നി: നമ്മുടെ മലയാളീപത്രത്തിനു പതിനഞ്ചു വയസ് പൂര്‍ത്തിയാകുന്നു. പതിനഞ്ചാം പിറന്നാളിനെ മലയാളത്തിന്റെ ഉത്സവമാക്കി മാറ്റാന്‍ മലയാളീപത്രം ടീം തീരുമാനിച്ചിരിക്കുകയാണ്. പിറന്നാളാഘോഷം വേറിട്ട അനുഭവമാക്കിക്കൊണ്ട് മ ഫെസ്റ്റ് എന്ന പേരില്‍ നവംബര്‍ 30-ന് അക്ഷരത്തിന്റെയും ആവിഷ്‌കാരത്തിന്റെയും അനുഭവങ്ങള്‍ തുടിക്കുന്ന സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ഇനി മ ഫെസ്റ്റിന്റെ കൗണ്ട് ഡൗണ്‍ പ്രവാസലോകം ഒന്നിച്ചു നടത്തുകയായി.
പ്രവാസത്തിന്റെ ഈ മണ്ണ് മലയാണ്മയുടെ ഉള്‍ക്കാമ്പുള്ളൊരു വിത്തിനെ 2010ല്‍ സ്വീകരിക്കുകയായിരുന്നു. അതായിരുന്നു ഇന്ന് ഡിജിറ്റല്‍ ലോകത്ത് ഇപ്പോള്‍ കുലീനമായ സാന്നിധ്യമായി മാറിയിരിക്കുന്ന മലയാളീപത്രത്തിന്റെ ആദ്യനാളുകള്‍. ചുറ്റുപാടുകളുടെ അപരിചിതത്വത്തിനിടയിലും നാമ്പിട്ടു വളര്‍ന്ന മലയാളീപത്രം ഇന്ന് മലയാളത്തിന്റെ സ്വാദും മലയാണ്മയുടെ സുഗന്ധവും പരത്തി നമ്മുടെ ജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.
മ ഫെസ്റ്റ് ഇനി ഓരോ ദിവസത്തിനു വീതം നമ്മോട് അടുത്തുകൊണ്ടിരിക്കുകയാവും. ഇപ്പോഴേ സേവ് ദി ഡേറ്റ് മറക്കണ്ട. നവംബര്‍ 30. അന്നാണ് മലയാളത്തിന്റെ വൈബുകള്‍ നമ്മളൊന്നു ചേര്‍ന്ന് ആഘോഷിക്കുന്നത്. സ്ഥലം ഇപ്പോഴേ കുറിച്ചോളൂ: ലൈബ്രറി ഓഡിറ്റോറിയം, 123 ഡോണിസന്‍ സ്ട്രീറ്റ്, ഗോസ്‌ഫോര്‍ഡ്, എന്‍എസ്ഡബ്ല്യു 2250. വൈകുന്നേരം നാലിന് ആരംഭിക്കുന്ന അക്ഷരോത്സവം രാത്രി ഏഴുവരെ നീളുന്നു. അക്ഷരോത്സവത്തില്‍ കേരളത്തില്‍ നിന്നു കൃഷി മന്ത്രി പി പ്രസാദ്, വിശ്രുത സാഹിത്യകാരന്‍ ബന്യാമിന്‍, സംസ്ഥാന അവാര്‍ഡ് ജേതാവായ അഭിനേത്രിയും തീയറ്റര്‍ വിദഗ്ധയും അഭിനയരംഗത്തെ അധ്യാപികയുമായ സാജിത മഠത്തില്‍, പ്രഭാഷകയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവര്‍ പങ്കെടുക്കുന്നു. പ്രഭാഷണങ്ങളും സാഹിത്യ സംവാദങ്ങളും നാടകാവതരണവും കാവ്യ-നൃത്താവതരണങ്ങളും നമ്മുടെ അക്ഷരോത്സവത്തെ ധന്യമാക്കുന്നു. ഇനി ഈ ഡിജിറ്റല്‍ താളുകളില്‍ കൂടുതല്‍ വിവരങ്ങളും അപ്‌ഡേറ്റുകളുമായി നമുക്ക് എന്നും കണ്ടുമുട്ടാം.