ഡല്‍ഹിയില്‍ കനത്ത മഴ, വിമാനങ്ങള്‍ വഴി തിരിച്ചുവിടുന്നു, ജനജീവിതം സ്തംഭിച്ചു

ന്യൂഡല്‍ഹി: കനത്ത മഴയെ തുടര്‍ന്ന് ഡല്‍ഹിയില്‍ പൊതുജീവിതവും ആകാശയാത്രയും റോഡ് ഗതാഗതവും അക്ഷരാര്‍ഥത്തില്‍ സ്തംഭിച്ചു. ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയാത്തതിനാല്‍ വിമാനങ്ങള്‍ പലതും വഴി തിരിച്ചുവിടുകയാണ്. എട്ടു വിമാനങ്ങള്‍ ജയ്പൂരിലേക്കും അഞ്ചെണ്ണം ലഖ്‌നൗവിലേക്കും രണ്ടെണ്ണം ചണ്ഡീഗഡിലേക്കുമാണ് വഴിതിരിച്ചു വിട്ടിരിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ കനത്ത മഴപെയ്യുന്നതിനാല്‍ റണ്‍വേയിലടക്കം വെള്ളം കയറിയിരിക്കുകയാണ്. റോഡുകള്‍ പലതും വെള്ളക്കെട്ടിലായതോടെ റോഡ് ഗതാഗതം നിലച്ചിരിക്കുകയാണ്. മോശം കാലാവസ്ഥ വിമാന സര്‍വീസുകളെ ബാധിച്ചേക്കാമെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. വിമാനങ്ങളുടെ സര്‍വീസ് സംബന്ധമായ കാര്യങ്ങള്‍ക്ക് അതത് എയര്‍ലൈനുകളുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തണമെന്ന് ഇന്നലെ വീണ്ടും മുന്നറിയിപ്പ് പുറത്തിറക്കിയിട്ടുണ്ട്.