തോക്കു കൈമാറി ബാന്ധവം: ലഷ്‌കറും ഐഎസ്‌കെപിയും, ഐഎസ്‌ഐയുടെ കളി

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ അതിവിനാശകാരികളായ രണ്ടു ഭീകര പ്രസ്ഥാനങ്ങളായ ലഷ്‌കര്‍ ഇ ത്വയിബയും ഇസ്ലാമിക സ്റ്റേറ്റ് ഖൊറാസന്‍ പ്രോവിന്‍സും (ഐഎസ്‌കെപി) തമ്മില്‍ ഗാഢമായ അടുപ്പം രൂപപ്പെടുന്നതായി റിപ്പോര്‍ട്ട്. ഏറെ ആശങ്കയുണ്ടാക്കുന്ന ഈ നീക്കത്തിനു പിന്നില്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐയുടെ മുന്‍കൈ ഇടപെടലുകളാണുള്ളതെന്നും രഹസ്യ വിവരങ്ങള്‍ പുറത്തുവരുന്നു.
അടുത്തയിടെ പുറത്തു വന്നൊരു ഫോട്ടോയില്‍ കാണുന്നത് ബലൂചിസ്ഥാനിലെ ഐഎസ്‌കെപിയുടെ കോര്‍ഡിനേറ്റര്‍ മിര്‍ ഷാഫിഖ് മെംഗാളില്‍ നിന്ന് ലഷ്‌കര്‍ ഇ ത്വയിബയുെട സീനിയര്‍ കമാന്‍ഡര്‍ റാണ മുഹമ്മദ് അഷ്ഫാഖ് ഒരു തോക്ക് സ്വീകരിക്കുന്നതിന്റെയാണ്. ഇത് ഇരു സംഘടകളും ചേര്‍ന്ന് പുറത്തു വിട്ടതാണെന്നും കരുതുന്നു. അനിസ്ലാമികമെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ പോലും തള്ളിപ്പറയുന്ന പ്രസ്ഥാനമാണ് ഐഎസ്‌കെപി. അവരെയാണ് പ്രാദേശികമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനായി പാക്കിസ്ഥാന്‍ ഉപയോഗിക്കുന്നതെന്ന ആരോപണം നിലവിലുള്ളതാണ്. യഥാര്‍ഥത്തില്‍ അയല്‍ രാജ്യങ്ങള്‍ക്കെതിരേ എന്നതിനെക്കാള്‍ ആഭ്യന്ത്ര പ്രശ്‌നങ്ങളില്‍ കൗണ്ടര്‍ ആക്രമണങ്ങള്‍ നടത്താനായിരിക്കും തല്‍ക്കാലം പാക് ഭരണം ഐഎസ്‌കെപി പോലെയുള്ള പ്രസ്ഥാനങ്ങളെ ഉപയോഗിക്കുന്നതെങ്കിലും ഭാവിയില്‍ മേഖലാ സുരക്ഷിതത്വത്തിന് ഏറ്റവും വെല്ലുവിളിയാകുക ഇവരായിരിക്കുമെന്നു പൊതുവേ അഭിപ്രായപ്പെടുന്നു. അങ്ങനെയിരിക്കെയാണ് ഇവരും ലഷ്‌കറും തമ്മിലുള്ള സഖ്യം രൂപപ്പെടുന്നത് അധിക വെല്ലുവിളിയായി മാറുന്നത്.