തലയ്ക്കു മുകളില്‍ എടുത്താല്‍ പൊങ്ങാത്ത പ്രശ്‌നങ്ങളുമായി ജപ്പാനില്‍ തകൈച്ചി യുഗം

ടോക്യോ: തകരുന്ന കപ്പലിനു തുല്യമെന്നു പലരും വിളിക്കുന്ന ഭരണകക്ഷിക്കു ജപ്പാനില്‍ പുതിയൊരു നേതാവിനെ ലഭിച്ചിരിക്കുകയാണ്. പുറത്തായ ഷിന്‍സോ ആബെ സര്‍ക്കാരിലെ സാമ്പത്തിക സുരക്ഷാ മന്ത്രിയായിരുന്ന സാനേ തകൈച്ചി ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ അധ്യക്ഷയായി കഴിഞ്ഞ ദിവസം തിരഞ്ഞെടുക്കപ്പെട്ടു. സ്വാഭാവികമായും പ്രധാനമന്ത്രി സ്ഥാനത്തേക്ക് പാര്‍ട്ടിക്കു നിര്‍ദേശിക്കാനുള്ള പേരും ഇവരുടേതു തന്നെയായിരിക്കും. അതോടെ ജപ്പാന്റെ ചരിത്രത്തില്‍ ആദ്യമായൊരു വനിതാ പ്രധാനമന്ത്രി അധികാരമേല്‍ക്കും. തീവ്ര വലതുപക്ഷ കാഴ്ചപ്പാടുകള്‍ വച്ചു പുലര്‍ത്തുന്നതും ഉരുക്കുവനിതയെന്നു വിളിക്കപ്പെടുന്നതുമായ തകൈച്ചിക്കു ഭൂരിപക്ഷം പോലുമില്ലാത്ത ഗവണ്‍മെന്റിനെ എത്രത്തോളം കൊണ്ടുപോകാന്‍ സാധിക്കുമെന്ന ചോദ്യമാണ് നാലുപാടും നിന്നുയരുന്നത്. പ്രതിപക്ഷം അത്രമേല്‍ ഭിന്നിച്ചു നില്‍ക്കുന്നതിനാല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്കു കടന്നു കൂടാന്‍ ഇവര്‍ക്കു സാധിച്ചേക്കുമെങ്കിലും അതിനപ്പുറം എന്തു സാധിക്കുമെന്നതിലാണ് ആശങ്കയേറുന്നത്. പോരെങ്കില്‍ ഇവരോടു വ്യക്തിപരമായി ഇടഞ്ഞു നില്‍ക്കുന്ന സഖ്യകക്ഷിയായ കൊമെയ്‌റ്റോ പാര്‍ട്ടിയുടെ പിന്തുണ കൂടി നഷ്ടപ്പെടുന്ന സാഹചര്യം വന്നാല്‍ വിശേഷിച്ചും.
ഒരുവശത്ത് കടുത്ത പണപ്പെരുപ്പം മൂലം ജീവിതച്ചെലവേറുന്നതില്‍ വീര്‍പ്പുമുട്ടുന്ന ജനങ്ങള്‍, മറുവശത്ത് ഡൊണാള്‍ഡ് ട്രംപുമായി സഹകരണത്തിന്റെ പ്രശ്‌നങ്ങള്‍. ചുരുക്കത്തില്‍ ആഭ്യന്തര രംഗത്തും ആഗോള രംഗത്തും കനത്ത വെല്ലുവിളികള്‍ക്കിടയിലാണ് തകൈച്ചി പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കാന്‍ പോകുന്നത്. ഈ മാസം മധ്യത്തോടെ പാര്‍ലമെന്റ് വിളിച്ചു ചേര്‍ത്ത് വിശ്വാസവോട്ട് തേടാനാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തീരുമാനം. അവിടം മുതല്‍ പ്രശ്‌നങ്ങളും ആരംഭിക്കും. സഖ്യകക്ഷിയെ ഒപ്പം നിര്‍ത്തണമെങ്കില്‍ തകൈച്ചി ആദ്യമായി സ്വന്തം തീവ്ര നിലപാടുകളില്‍ നിന്നു പിന്നോക്കം പോകേണ്ടി വരും. സ്ഥാനമൊഴിഞ്ഞ പ്രധാനമന്ത്രി ഷിന്‍സോ ആബേ അമേരിക്കന്‍ പ്രസിഡന്റ് ട്രംപുമായി തീരെ നല്ല ബന്ധത്തിലല്ലായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് തകൈച്ചിയും ഉദ്ദേശിക്കുന്നതെങ്കില്‍ ട്രംപന്‍ തീരുവകളെ നേരിടേണ്ടതായി വരും. കയറ്റുമതിയുടെ ബലത്തില്‍ സമ്പദ്ഘടന നിലനിര്‍ത്തുന്ന ജപ്പാന് അതു മാരകമായിരിക്കുമെന്നതില്‍ തര്‍ക്കമില്ല. ഇപ്പോഴേ നാട്ടിലെങ്ങും ഭരണവിരുദ്ധ വികാരം അലയടിക്കുകയാണ്. അതിനെ മറികടക്കുന്നതും വലിയ വെല്ലുവിളിയാകും.