തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളിയുടെ മോഷണവുമായി ബന്ധപ്പെട്ട കേസില്‍ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ മുരാരി ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്പെന്‍ഡു ചെയ്തു. സംഭവത്തില്‍ ഇദ്ദേഹത്തിനു വീഴ്ച സംഭവിച്ചതായി ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ദേവസ്വം ഡെപ്യൂട്ടി കമ്മീഷണറാണ് മുരാരി ബാബു.
ശബരിമലയില്‍ നിന്ന് 2019ല്‍ സ്വര്‍ണം പൂശാനെന്ന പേരില്‍ ദ്വാരപാലക ശില്പങ്ങളും പാളികളും ചെന്നൈയിലേക്കു കൊണ്ടുപോയതില്‍ നടന്നത് വന്‍ സ്വര്ണക്കവര്ച്ചയെന്ന് ദേവസ്വം വിജിലന്‍സ് ഹൈക്കോടതിക്കു കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഒന്നര കിലോ സ്വര്‍ണമുണ്ടായിരുന്ന പാളികളും ശില്പങ്ങളും ചെന്നൈയില്‍ നിന്നു തിരിച്ചുവന്നപ്പോള്‍ ആകെയുണ്ടായിരുന്നത് 394 ഗ്രാം സ്വര്‍ണം മാത്രമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ഹൈക്കോടതി ദേവസ്വം ബഞ്ച് സ്വന്തം നിലയില്‍ അന്വേഷണം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഇതിനായി എച്ച് വെങ്കിടേഷ് ഐപിഎസിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെയും നിശ്ചയിച്ചിരുന്നു. ഹൈക്കോടതി നിശ്ചയിച്ച അന്വേഷണ സംഘം എത്തുന്നതിനു മുമ്പായി ഒരു ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു മുഖം രക്ഷിക്കാനാണ് ദേവസ്വം ബോര്‍ഡിന്റെ ശ്രമം എന്നു വിലയിരുത്തപ്പെടുന്നു.
സ്വര്ണക്കളവ്, ദേവസ്വം ഡെപ്യൂട്ടി കമ്മീഷണര്‍ മുരാരി ബാബുവിനു സസ്പെന്ഷന്

