കോള്‍ഡ്രിഫ് ഉണ്ടാക്കിയ കമ്പനിയില്‍ കണ്ടെത്തിയത് 350 ഗുരുതര നിയമ ലംഘനങ്ങള്‍

ചെന്നൈ: പതിനാറു കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായ കോള്‍ഡ്രിഫ് കഫ്‌സിറപ്പിന്റെ ഉല്‍പാദകരായ കാഞ്ചീപുരത്തെ ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനു തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പിന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഈ മരുന്ന് കഴിച്ച് മധ്യപ്രദേശില്‍ പതിനാലു കുട്ടികളും രാജസ്ഥാനില്‍ രണ്ടു കുട്ടികളും മരിച്ചുവെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ അന്വേഷണം പൂര്‍ത്തിയാകുന്നതു വരെ ശ്രീസന്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നടത്തിയ പരിശോധനയില്‍ കമ്പനിയിലെ മരുന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ മുന്നൂറ്റമ്പതിലധികം പിഴവുകളാണ് കണ്ടെത്തിയിരുന്നത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങളോ യോഗ്യതയുള്ള ജീവനക്കാരോ ഉണ്ടായിരുന്നില്ല. വൃത്തിഹീനമായ സാഹചര്യങ്ങള്‍, മോശം വായുസഞ്ചാരം, കേടായ ഉപകരണങ്ങള്‍, എയര്‍ ഹാന്‍ഡ്‌ലിങ് യൂണിറ്റുകളുടെ അഭാവം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങളാണ് കണ്ടെത്തിയത്. മാരകവിഷമായ ഡൈ എത്തിലീന്‍ ഗ്ലൈക്കോള്‍ ഉള്‍പ്പെടെ ഫാര്‍മ ഗ്രേഡ് അല്ലാത്ത രാസവസ്തുക്കള്‍ ഇവിടെ മരുന്നുല്‍പാദനത്തില്‍ ഉപയോഗിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. കമ്പനിയുടെ ആരോപണവിധേയമായ ഒരു ബാച്ച് മരുന്നില്‍ അനുവദനീയമായതിനെക്കാള്‍ അഞ്ഞൂറ് ഇരട്ടി ഡൈ എത്തിലീന്‍ ഗ്ലൈക്കോളാണ് കണ്ടെത്തിയിരുന്നത്.