അഞ്ച് ആപ്പുകളിലേക്ക് തുറക്കുന്ന ഒറ്റവാതില്‍ ആപ്പായി ചാറ്റ് ജിപിടി ജനപ്രിയമാകുന്നു

ചാറ്റ് ജിപിടിയെ മറ്റ് ജനപ്രിയ ആപ്പുകളുമായി ബന്ധിപ്പിച്ച് ഒരേ സമയം ഒന്നിലധികം ആപ്പുകള്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന പുതിയ പരിഷ്‌കാരവുമായി ഓപ്പണ്‍ എഐ രംഗത്ത്. സ്‌പോട്ടിഫൈ, കാന്‍വ, കോര്‍സെറ, ഫിഗ്മ, സില്ലോ തുടങ്ങിയ ആപ്പുകള്‍ അവ ഓരോന്നായി മൊബൈലില്‍ തുറക്കാതെ ഓപ്പണ്‍ എഐയുടെ ചാറ്റ്‌ബോട്ടായ ചാറ്റ് ജിപിടിയില്‍ നിന്നു തന്നെ ഉപയോഗിക്കാനാവും. ഓപ്പണ്‍ എഐയുടെ ഡവലപ്‌മെന്റ് ഡേ ഇവന്റിനിടയിലാണ് പുതി അപ്‌ഡേറ്റ് കമ്പനി വെളിപ്പെടുത്തിയിരിക്കുന്നത്. സ്‌പോട്ടിഫൈയോ കാന്‍വയോ തുറക്കാതെ ചാറ്റ് ജിപിടി മാത്രം തുറന്നതിനു ശേഷം ഉപയോക്താക്കള്‍ക്ക് സ്‌പോട്ടിഫൈയില്‍ ഒരു പ്ലേലിസ്റ്റ് ഉണ്ടാക്കാനോ കാന്‍വയില്‍ ഒരു പോസ്റ്റര്‍ ഡിസൈന്‍ ചെയ്യാനോ ആവശ്യപ്പെടാം. ചാറ്റ് ജിപിടി ഉപയോക്താവിന്റെ ശീലങ്ങള്‍ക്കനുസരിച്ചുള്ള രീതിയില്‍ അവ നിര്‍വഹിച്ചു തരികയും ചെയ്യും. ഇതിനായി നിലവില്‍ ലഭ്യമാക്കിയിരിക്കുന്ന ആപ്പുകള്‍ ചാറ്റ്ജിപിടിയുമായി ബന്ധിപ്പിച്ചിരിക്കണമെന്നു മാത്രം.