സിഡ്നി: അമ്പത് ഓവറുകളുടെ ഗ്രേഡ് ക്രിക്കറ്റില്‍ അമ്പരപ്പിക്കുന്ന ട്രിപ്പിള്‍ സെഞ്ചുറി നേടി ഇന്ത്യന്‍ വംശജനായ ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന് ഹര്‍ജാസ് സിംഗ് രചിച്ചതു പുതുചരിത്രം. പാറ്റേണ്‍ പാര്‍ക്കില്‍ സിഡ്നി ക്രിക്കറ്റ് ക്ലബ്ബിനെതിരേ വെസ്റ്റേണ്‍ സബര്‍ബ്സിനായി കളിച്ച ഹര്‍ജാസ് സിംഗ് തന്റെ വെടിക്കെട്ട് ബാറ്റിങ്ങിലൂടെ ക്രിക്കറ്റ് ലോകത്തെയാകെയാണ് ഞെട്ടിച്ചത്. ഗ്രേഡ് ലെവല്‍ ക്രിക്കറ്റിന്റെ അമ്പത് ഓവര്‍ ഫോര്‍മാറ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനായി ഇദ്ദേഹം. വെറും 141 പന്തുകളില്‍ നിന്ന് ഹര്‍ജാസ് നേടിയ 314 റണ്‍സില്‍ 35 സിക്സറുകളാണ് ഉള്‍പ്പെടുന്നത്. സിഡ്നിയിലാണ് ഹര്‍ജാസിന്റെ ജനനം. മാതാപിതാക്കള്‍ ഇന്ത്യന്‍ വംശജരാണ്. 2000ലാണ് അവര്‍ ഓസ്ട്രേലിയയിലേക്ക് കുടിയേറുന്നത്. കഴിഞ്ഞ വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ നടന്നഅണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും ഏറ്റുമുട്ടിയപ്പോഴും ഹര്‍ജാസിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു.
ചരിത്രം കുറിച്ച് ഇന്ത്യന്‍ വംശജനായ ഓസ്ട്രേലിയന്‍ ബാറ്റര്‍, 141 പന്ത്, 314 റണ്‍സ്

