മുംബൈ: നവി മുംബൈയില്‍ പുതുതായി പണിതീര്‍ത്തിരിക്കുന്ന ഇരട്ട വിമാനത്താവളങ്ങളുടെ ഉദ്ഘാടനം നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. ഉച്ചയ്ക്കു ശേഷം 2.40 ന് പ്രധാനമന്ത്രിയെ വഹിച്ചുകൊണ്ടുള്ള എയര്‍ ഇന്ത്യ വണ്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതോടെയായിരിക്കും ഉദ്ഘാടനം നിര്‍വഹിക്കപ്പെടുക. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ യശസ് ഉയര്‍ത്തുന്നതും ലോകത്ത് ഇരട്ട വിമാനത്താവളങ്ങളുള്ള ലണ്ടന്റെയും ദുബായുടെയും ന്യൂയോര്‍ക്കിന്റെയും ഗണത്തിലേക്ക് ഇന്ത്യയുടെ മുംബൈയെ കൂടി ചേര്‍ത്തു നിര്‍ത്തുന്നതുമാണ് നവിമുംബൈ ട്വിന്‍ എയര്‍പോര്‍ട്ട്.
റായ്ഗഡ് ജില്ലയിലെ ഉല്‍വെ എന്ന സ്ഥലത്താണ് പുതുതായി ഇരട്ട വിമാനത്താവളം നിര്‍മിച്ചിരിക്കുന്നത്. ഇതോടെ മുംബൈ മെട്രോപ്പൊളിറ്റന്‍ മേഖലയില്‍ രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളായി. ഒന്നാമത്തേത് പണ്ടേയുള്ള ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും രണ്ടാമത്തേത്് മുംബൈ നവി മുംബൈയിലെ ഇരട്ട വിമാനത്താവളങ്ങളും. ലോക്‌നേതാ ഡിബി പാട്ടീല്‍ നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് എന്നായിരിക്കും ഇതിന്റെ പേര്. വിമാനത്താവളത്തിനായി വന്‍തോതില്‍ ഭൂമി വര്‍ഷങ്ങള്‍ക്കു മുമ്പ് ഏറ്റെടുത്തപ്പോള്‍ അതിനെതിരേ നിരവധി കര്‍ഷക സമരങ്ങള്‍ നയിച്ചത് ഡിബി പാട്ടീലായിരുന്നു. അദ്ദേഹത്തിന്റെ പേരു തന്നെ പില്‍ക്കാലത്ത് വിമാനത്താവളത്തിനു നല്‍കി എന്നത് വിരോധാഭാസം. വിമാനത്താവളത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്‌സ് ലിമിറ്റഡും സിഡ്‌കോയും സംയുക്തമായി രൂപീകരിച്ച സ്‌പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ ആയ നവി മുംബൈ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയാണ്.
നവി മുംബൈയില്‍ ലോകോത്തര നിലവാരമുള്ള ഇരട്ട വിമാനത്താവളം നാളെ തുറക്കും

