ന്യൂഡല്‍ഹി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാറിനായുള്ള അടുത്ത ഘട്ടം ചര്‍ച്ച ഇന്നലെ ബ്രസല്‍സില്‍ ആരംഭിച്ചു. വൈകാതെ കരാര്‍ ഒപ്പുവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. ഇരുഭാഗത്തേക്കും വാണിജ്യവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുകയാണ് സ്വതന്ത്ര വ്യാപാര കരാറിലൂടെ ഉദ്ദശിക്കുന്നത്. എട്ടു വര്‍ഷത്തെ ഇടവളയ്ക്കു ശേഷം 2022 ജൂണിലാണ് സ്വതന്ത്ര വ്യാപാര കരാറിനായി ഇന്ത്യയും യൂറോപ്യന്‍ യൂണിയനും ചര്‍ച്ച പുനരാരംഭിച്ചത്. വിപണികള്‍ ഇരുരാജ്യത്തും ഏത് അളവു വരെ തുറന്നു നല്‍കണം എന്ന കാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ 2013ലാണ് ചര്‍ച്ച വഴിമുട്ടിയത്. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് വന്‍തോതില്‍ ഇറക്കുമതി തീരുവ ഉയര്‍ത്തിയതോടെയാണ് പകരം വിപണി ലഭിക്കാന്‍ ഇന്ത്യയുടെ താല്പര്യമനുസരിച്ച് വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നത്. വാഹനങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, വൈന്‍, സ്പിരിറ്റ്, മാംസം എന്നിവയ്ക്കാണ് യൂറോപ്യന്‍ യൂണിയന് ഇന്ത്യയോട് ഇളവ് ആവശ്യപ്പെടുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഇന്ത്യയില്‍ നിന്നുള്ള വസ്ത്രങ്ങള്‍, മരുന്നുകള്‍, സ്റ്റീല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ എന്നിവയ്ക്ക് യൂറോപ്യന്‍ യൂണിയനില്‍ വിപണി ലഭിക്കും.
ഇന്ത്യ-യൂറോപ്യന്‍ യൂണിയന് വ്യാപാര കരാറിനു ചര്‍ച്ച ബ്രസല്‍സില്‍ തുടങ്ങി

