വയലാര്‍ അവാര്‍ഡ് ഇ സന്തോഷ് കുമാര്‍ എഴുതിയ ‘തപോമയിയുടെ അച്ഛന്‍’ എന്ന നോവലിന്

തിരുവനന്തപുരം: വയലാര്‍ രാമവര്‍മ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പ്രശസ്തമായ വയലാര്‍ പുരസ്‌കാരത്തിന് ഇ സന്തോഷ്‌കുമാര്‍ അര്‍ഹനായി. ഇദ്ദേഹമെഴുതിയ തപോമയിയുടെ അച്ഛന്‍ എന്ന നോവലിനാണ് അവാര്‍ഡ് ലഭിക്കുകയെന്ന് വയലാര്‍ രാമവര്‍മ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് അവാര്‍ഡ്. വയലാറിന്റെ ചരമദിനമായ ഈ മാസം 27ന് തിരുവനന്തപുരം നിശാഗന്ധിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും. ടി ഡി രാമകൃഷ്ണന്‍, എന്‍ പി ഹാഫിസ് മുഹമ്മദ്, എ എസ് പ്രിയ എന്നിവരായിരുന്നു അവാര്‍ഡ് നിര്‍ണയ സമിതി അംഗങ്ങള്‍. മനുഷ്യ മനസിനെ ഖനനം ചെയ്‌തെടുക്കുന്ന അസാധാരണ നോവലാണ് തപോമയിയുടെ അച്ഛന്‍ എന്ന് വിധിനിര്‍ണയ സമിതി അഭിപ്രായപ്പെട്ടു. പലായന പ്രശ്‌നം, അഭയാര്‍ഥി പ്രശ്‌നം എന്നിവയാണ് ഈ നോവല്‍ കൈകാര്യം ചെയ്യുന്ന വിഷയങ്ങള്‍. വടക്കുകിഴക്കന്‍ ഇന്ത്യയാണ് കഥ നടക്കുന്ന പ്രദേശമെങ്കിലും ഇതിനെ ഒരു പാന്‍ ഇന്ത്യന്‍ കഥയാക്കാന്‍ സന്തോഷ് കുമാറിനു സാധിച്ചിരിക്കുന്നു.