ന്യൂഡല്‍ഹി: രാഷ്ട്രപതി ദ്രൗപദി മുര്‍മു കലിയുഗ വരദന്റെ സന്നിധിയിലെത്തുന്നു. ശബരിമലയിലെത്താന്‍ കഴിഞ്ഞ മെയ് മാസം മുതല്‍ താല്പര്യപ്പെട്ടിരുന്ന രാഷ്ട്രപതിക്ക് മറ്റെല്ലാ സ്ഥാനമാനങ്ങളും മാറ്റിവച്ച് കേവലമൊരു മാളികപ്പുറമായി സന്നിധാനത്തെത്താന്‍ കാനനവാസന്റെ വിളിയെത്തുന്നത് തുലാമാസ പൂജകള്‍ക്കായി നടയടയ്ക്കുന്ന ദിനമായ ഒക്ടോബര്‍ 22നാണ്.
22ന് ഉച്ചയ്ക്ക് നെടുമ്പാശേരി വിമാനത്താവളത്തില്‍ രാഷ്ട്രപതിയെത്തും. അവിടെ നിന്ന് ഹെലികോപ്റ്ററില്‍ നിലയ്ക്കലിലേക്ക്. നിലയ്ക്കലില്‍ വിശ്രമിച്ച് കെട്ടുനിറച്ച് വൈകിട്ടോടെ സന്നിധാനത്തിലെത്തും. അയ്യനെ മനം നിറയെ തൊഴുത് രാത്രിയോടെ തിരിച്ചിറങ്ങി രാത്രി തന്നെ തിരുവനന്തപുരത്തെത്തും. രണ്ടു ദിവസം കൂടി തിരുവനന്തപുരത്തു തങ്ങിയ ശേഷമായിരിക്കും ഡല്‍ഹിയിലേക്കു മടങ്ങുക. തിരുവനന്തപുരത്തെ മറ്റു പരിപാടികളുടെ രൂപരേഖ തയാറാകുന്നതേയുള്ളൂ. ഒക്ടോബര്‍ പതിനാറിനാണ് തുലാമാസ പൂജകള്‍ക്കായി ശബരിമലയില്‍ നട തുറക്കുന്നത്. രാഷ്ട്രപതി വരുന്ന സമയത്ത് മറ്റു വിശ്വാസികളുടെ മലകയറ്റം സംബന്ധിച്ച കാര്യങ്ങള്‍ക്കു തീരുമാനമാകാനിരിക്കുന്നതേയുള്ളൂ.
രാഷ്ട്രപതി ശബരിമലയിലെത്തുമെന്ന് ആഗോള അയ്യപ്പ സംഗമത്തിന്റെ വേദിയില്‍ ദേവസ്വം വകുപ്പുമന്ത്രി വി എന്‍ വാസവന് അറിയിച്ചിരുന്നതാണ്. നേരത്തെ മെയ്മാസത്തിലെത്താനായിരുന്നു ആലോചനയെങ്കിലും അപ്പോള്‍ പാക്കിസ്ഥാനുമായുള്ള സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ യാത്ര മാറ്റിവയ്ക്കുകയായിരുന്നു.
രാഷ്ട്രപതി മാളികപ്പുറമാകുന്നു, കാനനവാസനെ തൊഴാന്‍ 22ന് എത്തുന്നു

