തിരക്കിനൊത്തു നിരക്ക് വേണ്ട, കൂടുതല്‍ പറത്താനും നിരീക്ഷിക്കാനും നീക്കം

ന്യൂഡല്‍ഹി: ദസറയോടെ ആരംഭിച്ച് നവംബര്‍ അവസാനത്തോടെ തീരുന്ന ഉത്സവ സീസണില്‍ വിമാനടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതു തടയാന്‍ കര്‍ശനമായ ഇടപെടലോടെ വ്യോമയാന ഡയറക്ടര്‍ ജനറല്‍. അധിക സര്‍വീസുകളും അധിക വിമാനങ്ങളും ക്രമീകരിച്ച് യാത്രാ തിരക്ക് നിയന്ത്രിക്കാനും അതിലൂടെ ടിക്കറ്റ് നിരക്ക് കൈവിട്ടുപോകാതെ നിലനിര്‍ത്താനുമാണ് എല്ലാ വിമാന കമ്പനികള്‍ക്കും നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതേ തുടര്‍ന്ന് വിവിധ വിമാന കമ്പനികള്‍ 1700ലധികം അധിക സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുവഴി യാത്രക്കാരുടെ തിരക്ക് കുറയുന്നതോടെ ടിക്കറ്റ് നിരക്കുകളും തനിയെ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്‍ഡിഗോ എയര്‍ലൈന്‍സ് 42 സെക്ടറിലായി 730 സര്‍വീസുകള്‍ അധികമായി നടത്തും. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ചേര്‍ന്ന് 20 സെക്ടറുകളിലായി 486 അധിക സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യും. സ്‌പൈസ് ജെറ്റ് 38 സെക്ടറുകളിലായി 546 സര്‍വീസുകള്‍ അധികമായി പറത്തും. ഇത്രയുമായിട്ടും നിരക്കുകള്‍ വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ ഇടപെടലുമായി രംഗത്തിറങ്ങാനാണ് വ്യോമയാന ഡയറക്ടറേറ്റിന്റെ തീരുമാനം.