വാഷിങ്ടന്‍: അമേരിക്കയിലെ ഷട്ഡൗണ്‍ പ്രതിസന്ധി ഇന്ന് ആറാം ദിവസത്തിലേക്കു കടക്കുന്നു. ട്രംപ് ഭരണകൂടം പ്രതിസന്ധി പരിഹരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും പരിഹാരം ഇനിയും അകലെയാണ്. ധന അനുമതി ബില്‍ പാസാക്കാന്‍ സാധിക്കാതെ ഈ പ്രതിസന്ധി തീരുകയുമില്ല. സാധാരണ ജനങ്ങളുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും ബുദ്ധിമുട്ടുകള്‍ ഇനിയും നീളുമെന്നുറപ്പ്. അതിനൊപ്പം ഇനിയും ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിടാന്‍ ട്രംപ് പദ്ധതി തയാറാക്കുകയാണെന്ന വാര്‍ത്തയും പുറത്തുവരുന്നുണ്ട്. ഷട്ഡൗണ്‍ ഇനിയും നീണ്ടാല്‍ ദേശീയ സുരക്ഷ, വ്യോമയാനം, ആരോഗ്യം തുടങ്ങിയ മേഖലകളെ തടസപ്പെടുത്തുന്ന അവസ്ഥയിലേക്കു കാര്യങ്ങള്‍ നീങ്ങുമെന്നുറപ്പാണ്. നാസ പോലെയുള്ള സ്ഥാപനങ്ങള്‍ ഇതിനകം അടച്ചു കഴിഞ്ഞു. ദേശീയ ഉദ്യാനങ്ങളും പാര്‍ക്കുകളും ഇന്ന് അടച്ചേക്കും. അവിടങ്ങളില്‍ ശമ്പളമില്ലാതെ ജോലി ചെയ്യാന്‍ ജീവനക്കാര്‍ തയാറാകുന്നില്ല. ജനങ്ങളുടെ വിമാനയാത്രകളും തടസപ്പെടുന്നതിന്റെ വക്കിലാണ്.
അഴിയാക്കുരുക്കായി അടച്ചിടല്‍ ആറാം നാളിലേക്ക്, അമേരിക്ക നിശ്ചലമാകുന്നു

