വാഷിങ്ടന്‍: എല്ലാ ബന്ദികളെയും വിട്ടയയ്ക്കാനുള്ള സന്നദ്ധത വ്യക്തമാക്കിയ ഹമാസിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസ് അനുകൂലമായി പ്രതികരിച്ച സാഹചര്യത്തില്‍ ഇസ്രയേല്‍ ആക്രമണം പൂര്‍ണമായി നിര്‍ത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. സമാധാന ശ്രമങ്ങളില്‍ ഇടപെട്ട ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, ഈജിപ്റ്റ്, ജോര്‍ദാന്‍ അടക്കം എല്ലാ രാജ്യങ്ങള്‍ക്കും നന്ദി അറിയിക്കുന്നതായി ട്രംപ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ അറിയിച്ചു.
ട്രംപിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് ആദ്യഘട്ട സമാധാന നീക്കങ്ങളിലേക്ക് കടക്കുന്നതായി ഇസ്രയേലും പ്രതികരിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശം ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു സൈനിക നേതൃത്വത്തിനു കൈമാറിയിട്ടുണ്ടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. യുദ്ധം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ നീക്കങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും ഇസ്രയേല്‍ വ്യക്തമാക്കിയിട്ടുണ്ടെന്നാണ് മാധ്യമങ്ങള്‍ അറിയിക്കുന്നത്. കയറിയുള്ള ആക്രമണങ്ങള്‍ക്കു പകരം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാത്രമായിരിക്കും ഇനി ഇസ്രയേല്‍ സേന നടത്തുകയെന്നും സൈനിക റേഡിയോ അറിയിച്ചിട്ടുണ്ട്.
ബന്ദി മോചനത്തിനുള്ള ഹമാസിന്റെ സന്നദ്ധതയെ സ്വാഗതം ചെയ്ത് ട്രംപ്

