പറക്കാന്‍ മടിക്കുന്ന വിമാനങ്ങളും പാതിവഴിയില്‍ കുടുങ്ങുന്ന യാത്രക്കാരും വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: മുന്നറിയിപ്പില്ലാതെ ഇന്ത്യയില്‍ വിമാനങ്ങള്‍ റദ്ദാക്കുന്നതു വര്‍ധിക്കുന്നതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവിള്‍ ഏവിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഓഗസ്റ്റ് മാസത്തില്‍ മാത്രം ഇതുമൂലം 36362 യാത്രക്കാര്‍ക്കാണ് യാത്രചെയ്യാന്‍ കഴിയാതെ പോയത്. ഇവരെടുത്ത ടിക്കറ്റുകള്‍ക്കു നഷ്ടപരിഹാരം നല്‍കാന്‍ മാത്രമായി വിമാനക്കമ്പനികള്‍ 64.51 ലക്ഷം രൂപ ചെലവഴിച്ചു. വിമാന സര്‍വീസ് വൈകിയത് 74381 യാത്രക്കാരെയാണ് ബാധിച്ചത്. ഇതിന്റെ പേരില്‍ നഷ്ടപരിഹാരമായി നല്‍കേണ്ടി വന്നത് 1.18 കോടി രൂപയാണ്. രാജ്യത്തെ വിമാനക്കമ്പനികള്‍ ടിക്കറ്റുണ്ടായിട്ടും 705 യാത്രക്കാരുടെ യാത്ര തടഞ്ഞിട്ടുമുണ്ട്. സര്‍വീസുകള്‍ റദ്ദാക്കുന്നതും വൈകുന്നതും വിമാനസര്‍വീസ് വ്യവസായത്തെ പോലും ദോഷകരമായി ബാധിക്കുന്നുവെന്നും കണക്കുകളിലുണ്ട്. ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ 1.29 കോടി യാത്രക്കാരാണ് വിമാനത്തില്‍ യാത്രചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിനെ അപേക്ഷിച്ച് രണ്ടു ലക്ഷം യാത്രക്കാരുടെ കുറവാണ് ഈ ഓഗസ്റ്റിലുണ്ടായിരിക്കുന്നത്. ഇതിനു കാരണം വിമാനങ്ങളുടെ സര്‍വീസ് റദ്ദാക്കലും സര്‍വീസ് വൈകലും കാരണം യാത്രക്കാര്‍ക്ക് വിമാനയാത്രയിലുണ്ടായ വിശ്വാസ നഷ്ടം നിമിത്തമാണെന്നും കണക്കുകള്‍ പറയുന്നു.