റാറ്റില്‍ ഫ്‌ളാറ്റാകുന്ന വാദങ്ങള്‍, എയര്‍ ഇന്ത്യയ്ക്ക് ബര്‍മിങ്ഹാമിലും റാറ്റ് പുറത്തു ചാടി

ലണ്ടന്‍: അഹമ്മദാബാദിലെ എയര്‍ ഇന്ത്യ വിമാന ദുരന്തത്തിന്റെ ഞെട്ടല്‍ തീര്‍ത്തു മാറുന്നതിനു മുമ്പ് അതേ രീതിയിലുള്ള പ്രശ്‌നവുമായി അതേ സീരീസിലുള്ള എയര്‍ ഇന്ത്യ വിമാനം ബര്‍മിങ്ഹാമില്‍ ലാന്‍ഡു ചെയ്തു. പൂര്‍ണമായി വൈദ്യുതി നിലയ്ക്കുന്ന സാഹചര്യത്തില്‍ സ്വയം പ്രവര്‍ത്തനക്ഷമമാകുന്ന റാറ്റ് (റാപ്പിഡ് എയര്‍ ടര്‍ബൈന്‍) പുറത്തേക്കു വന്നതാണ് ബര്‍മിങ്ഹാമില്‍ എയര്‍ ഇന്ത്യ എഐ117 വിമാനത്തിനു സംഭവിച്ചത്. അഹമ്മദാബാദില്‍ അപകടത്തില്‍ പെട്ട വിമാനത്തിലും ഇപ്രകാരം റാറ്റ് പുറത്തു വന്നതു ശ്രദ്ധയില്‍ പെട്ടിരുന്നു. ഇതില്‍ നിന്നാണ് വിമാനത്തിന്റെ വൈദ്യുതിബന്ധം നഷ്ടമായതാണ് അപകടത്തിനു കാരണമെന്നു ചില കേന്ദ്രങ്ങളുടെ സംശയം ജനിക്കുന്നത്.
അമൃത്സറില്‍ നിന്നു യുകെയിലെ ബര്‍മിങ്ഹാമിലേക്കു പറക്കുകയായിരുന്നു എയര്‍ ഇന്ത്യയുടെ എഐ117 ഡ്ീംലൈനര്‍ വിമാനം.ലാന്‍ഡിങ്ങിനു മുമ്പ് വിമാനം ആകാശത്ത് 400 അടിയോളം ഉയരത്തില്‍ സഞ്ചരിക്കുമ്പോഴാണ് റാറ്റ് പുറത്തേക്കു വരുന്നത്. എന്തായാലും വിമാനം സുരക്ഷിതമായി ലാന്‍ഡു ചെയ്യുന്നതിനു സാധിച്ചു. അഹമ്മദാബാദില്‍ ഇതേ സീരിസിലുള്ള ഡ്രീംലൈനര്‍ വിമാനത്തിനാണ് പറന്നുയര്‍ന്ന ഉടന്‍ റാറ്റ് പുറത്തു വന്നത്. എല്ലാ വൈദ്യുതി സ്രോതസുകളും പ്രവര്‍ത്തന രഹിതമാകുകയും അങ്ങനെ എന്‍ജിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്യുമ്പോഴാണ് റാറ്റ് തനിയെ പുറത്തുവരിക. കാറ്റില്‍ കറങ്ങി റാറ്റ് പ്രവര്‍ത്തിക്കുമ്പോള്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള വൈദ്യുതി ഉല്‍പാദിപ്പിക്കപ്പെടും. പൈലറ്റിന്റെ നിയന്ത്രണത്തിലല്ല റാറ്റ്. സാഹചര്യത്തിനനുസരിച്ച് ഇത് സ്വയം പ്രവര്‍ത്തക്ഷമമാകുകയാണ് ചെയ്യുന്നത്.