ഹമാസ് സമയം കൊണ്ടു കളിക്കാനിട, ട്രംപിനോടു വിയോജിക്കല്ല, മുഴുവനായി വഴങ്ങുകയുമില്ല

ഗാസ സിറ്റി: ഗാസയില്‍ സമാധാനം തിരികെ കൊണ്ടുവരുന്നതിനായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടു വച്ച ഇരുപതിന കരാറിനോടു ഹമാസിന്റേത് തന്ത്രപരമായ പ്രതികരണമായിരിക്കുമെന്നു സൂചന. ഞായറാഴ്ചയ്ക്കകം തീരുമാനമറിയിക്കണമെന്നു ട്രംപ് ഇന്നലെ വീണ്ടും അന്ത്യശാസനം ആവര്‍ത്തിച്ചിരിക്കേ, ഹമാസും നിലപാട് ഇന്നു വെളിപ്പെടുത്തിയേക്കുമെന്നു റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. നിലവില്‍ ട്രംപിന്റെ പദ്ധതി ഭാഗികമായി മാത്രം അംഗീകരിച്ച് തുടര്‍ ചര്‍ച്ചകള്‍ക്കു വഴി തുറക്കുക എന്നതായിരിക്കും ഈ നിലപാടെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ സൂചിപ്പിക്കുന്നു.
ഹമാസിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ക്ക് വിഘാതമായ നിരവധി ഘടകങ്ങളാണ് ഈ കരാറിലുള്ളതെന്ന് അവര്‍ വിലയിരുത്തുന്നു. അതേ സമയം കരാറിനെ എതിര്‍ത്ത് രാജ്യാന്ത്ര തലത്തില്‍ സമാധാന വിരുദ്ധരെന്ന പ്രതിച്ഛായ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുമില്ല. അതിനാലാണ് സമയംകൊണ്ടു കളിക്കുക എന്ന തന്ത്രത്തിലേക്ക് എത്താനിട.
ഗാസയുടെ ഭരണത്തിന് വിദേശ ശക്തികളെ നിയോഗിക്കാനുള്ള നീക്കം, ഹമാസിന്റെ തന്നെ നിരായുധീകരണം തുടങ്ങിയ കാര്യങ്ങളോട് അവര്‍ക്ക് ഒരു കാലത്തും യോജിക്കാനാവില്ല. അതേസമയം ഇസ്രേലി ബന്ദികളെ വിമോചിപ്പിക്കണം എന്ന കാര്യത്തോടു വിയോജിക്കുന്നുമില്ല. ഇസ്രയേലിന്റെ സേനാപിന്മാറ്റം സംബന്ധിച്ച കാര്യങ്ങളിലും കൂടുതല്‍ വ്യക്തത ഹമാസ് ആഗ്രഹിക്കുന്നുണ്ട്.