മുംബൈ: വിദേശ രാജ്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുകയോ ആസ്ഥാനം ഉറപ്പിക്കുകയോ ചെയ്യുന്ന നിരവധി കമ്പനികള്‍ ഇന്ത്യയില്‍ ട്രേഡിങ് തട്ടിപ്പുകളിലൂടെ അനേക കോടികള്‍ കൊള്ളയടിച്ചു കടത്തുന്നതായി റിപ്പോര്‍ട്ട്. റഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒക്ട എഫ് എക്‌സ് ഓണ്‍ലൈന്‍ ട്രേഡിങ് കമ്പനി ഒമ്പതു മാസത്തിനിടെ എണ്ണൂറു കോടി രൂപ ഇന്ത്യയില്‍ നിന്നു കടത്തിയതായി ഇഡി കണ്ടെത്തിയിരിക്കുന്നു. ഈ കമ്പനിയുടെ ഉടമസ്ഥര്‍ റഷ്യയിലാണെങ്കിലും സാങ്കേതിക വിഭാഗം ജോര്‍ജിയയിലും സെര്‍വറുകള്‍ ബാഴ്‌സലോണയിലുമാണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യയിലെ ഓപ്പറേഷനുകള്‍ നിയന്ത്രിക്കുന്നതാകട്ടെ ദുബായിലെ ഓഫീസിലിരുന്ന്. സൈപ്രസില്‍ സ്ഥാപിച്ച കമ്പനി കറന്‍സി, കൊമ്മോഡിറ്റി, ക്രിപ്‌റ്റോകറന്‍സി തുടങ്ങിയ മേഖലകളിലാണ് തട്ടിപ്പു നടത്തിക്കൊണ്ടിരിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന പണം കൊണ്ട് ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങി ദുബായിലും മറ്റും വില്‍ക്കുകയാണ് ഇവരുടെ രീതി. സേവനങ്ങള്‍ക്ക് സിംഗപ്പൂരിലെ കമ്പനികള്‍ക്ക് നല്‍കിയ തുകയാണെന്ന വ്യാജേനയാണ് ചില സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരിക്കുന്നത്. ഇവര്‍ക്ക് ഇന്ത്യയിലും വിദേശത്തുമായി 172 കോടി രൂപയുടെ ആസ്തിയുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യാജ ഇന്ത്യന്‍ കമ്പനികളെയും കണ്ടെത്തിയിട്ടുണ്ട്. ബംഗളൂരുവിലെ പവര്‍ ബാങ്ക്, കൊല്‍ക്കത്തയിലെ ഏഞ്ചല്‍ വണ്‍, ടിഎം ട്രേഡേഴ്‌സ്, വിവന്‍ലീ, കൊച്ചിയിലെ സാറ എന്നിവ ഇത്തരം കമ്പനികളില്‍ ചിലതാണെന്ന് ഇഡിക്കു വിവരം ലഭിച്ചിട്ടുണ്ട്.
റഷ്യന്‍ കമ്പനി ഒക്ട എഫ്എക്‌സ് വ്യാജ ട്രേഡിങ്ങില്‍ കടത്തിയത് എണ്ണൂറു കോടി രൂപ

