ചെന്നൈ: തമിഴക വെട്രി കഴകം അധ്യക്ഷനും സൂപ്പര്‍ സ്റ്റാറുമായ വിജയ്നെ വെള്ളിയാഴ്ച വിമര്‍ശന മുനയില്‍ നിര്‍ത്തിപ്പൊരിച്ച മദ്രാസ് ഹൈക്കോടതി ഇന്നലെയും താരത്തെ വെറുതെ വിടാനൊരുക്കമായിരുന്നില്ല. വിജയ്ന്റെ റാലികളില്‍ സ്റ്റേജിനു പകരമായി ഉപയോഗിക്കുന്നതും യാത്രയുടെയും വിശ്രമത്തിന്റെയും ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്തു തയാറാക്കിയതുമായ വാഹനം പിടിച്ചെടുക്കാനാണ് കോടതി പോലീസിനോട് ഇന്നലെ ആവശ്യപ്പെട്ടത്. ഈ വാഹനം ഉടന്‍ പിടിച്ചെടുക്കുമെന്നാണ് അറിയുന്നത്. ഈ വാഹനം തട്ടി ഒരു ബൈക്ക് യാത്രക്കാരനു പരിക്കേറ്റതുമായി ബന്ധപ്പെട്ടാണ് കോടതി ഇങ്ങനെ നിര്‍ദേശിച്ചത്. സംഭവവുമായി ബന്ധപ്പെട്ട എഫ്ഐആര്‍ ഇട്ട നാമക്കല്‍ പോലീസ് തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയിട്ടുണ്ട്.
തിക്കിലും തിരക്കിലും പെട്ട് ബൈക്ക് പ്രചാരണവാഹനത്തിന് അടിയിലേക്ക് വീഴുന്നതും വാഹനം അതു കണക്കിലെടുക്കാതെ മുന്നോട്ടു പോകുന്നതുമായ ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. പ്രദേശത്തുള്ള സിസിടിവികളിലെ ദൃശ്യങ്ങളും വാഹനത്തിന്റെ അകത്തും പുറത്തും നിന്നുള്ള വീഡിയോ ദൃശ്യങ്ങളും കൈമാറണമെന്നും കോടതിയുടെ നിര്‍ദേശങ്ങളിലുണ്ട്.
വിജയ്നെ ഓടിച്ചിട്ടടിച്ച് ഹൈക്കോടതി, പ്രചാരണ വാഹനം പിടിച്ചെടുക്കാന്‍ ഉത്തരവ്

