ദളപതി കവലപ്പെടേണ്ടതില്ലെന്ന്, സഹായ സൂചനകളുമായി ബിജെപിയും കോണ്‍ഗ്രസും

ചെന്നൈ: കരൂര്‍ റാലി ദുരന്തത്തെ തുടര്‍ന്ന് തട്ടുകേടിലായി നില്‍ക്കുകയാണെങ്കില്‍ കൂടി വിജയ് വോട്ടു ചുരത്തിക്കാന്‍ ശേഷിയുള്ള പ്രാദേശിക നേതാവെന്ന വിലയിരുത്തലില്‍ ഒട്ടിനില്‍ക്കാന്‍ ബിജെപിയുടെ ശ്രമം. ഒരു കൈ ഡിഎംകെയുടെ തോളില്‍ ഇട്ടിരിക്കുമ്പോഴും മറു കൈകൊണ്ട് വിജയ്‌ന്റെ കണ്ണീരൊപ്പുന്ന ആശ്വാസ ദൂതന്റെ വേഷമിടാന്‍ കോണ്‍ഗ്രസിന്റെയും ശ്രമം. വിജയ് വീണ്ടും തമിഴ്‌നാട്ടില്‍ മോസ്റ്റ് കവറ്റഡ് നേതാവെന്ന ഇമേജിലേക്കു മാറുന്നതിന്റെ സൂചനകള്‍. കരൂര്‍ സംഭവത്തിന്റെ പേരില്‍ വിജയ്‌നെ വേട്ടയാടാന്‍ അനുവദിക്കില്ലെന്ന സൂചനകള്‍ നല്‍കിക്കൊണ്ട് ബിജെപിയുടെ ദേശീയ നേതൃത്വമാണ് രംഗത്തിറങ്ങിയിരിക്കുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് വിജയ് ഹൈക്കോടതിയെ സമീപിച്ചതു കാവി രാഷ്ട്രീയത്തിനു നേരേ വാതില്‍ അടച്ചിട്ടില്ലെന്നു സൂചനകള്‍ കൊടുക്കാനുള്ള താരത്തിന്റെ ശ്രമത്തിന്റെ ഭാഗമെന്നു വ്യാഖ്യാനിക്കുന്നവരും നിരവധി.
വിജയ്‌ന്റെ ജനപിന്തുണ തങ്ങള്‍ക്കു വോട്ടാക്കി മാറ്റാനായാല്‍ അടുത്തവര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് തിരഞ്ഞെടുപ്പില്‍ ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കാനാവുമെന്ന് ബിജെപി നേതൃത്വം പ്രതീക്ഷിക്കുന്നുണ്ട്. ഇതു തിരിച്ചറിഞ്ഞാവണം കരൂര്‍ ദുരന്തത്തിനു പിന്നാലെ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നേരിട്ട് വിജയ്‌നെ വിളിച്ചതും സംസാരിച്ചതും. പ്രാദേശിക രാഷ്ട്രീയം അധികാരത്തിന്റെ ഗതി നിര്‍ണയിക്കുന്ന തമിഴ്‌നാട്ടില്‍ ദേശീയ പാര്‍ട്ടികള്‍ കണ്ണു വയ്ക്കുന്നതിന്റെ സൂചനകളാണിവയെന്നു സംസാരമുണ്ട്. നാല്‍പത്തൊന്നു പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിന്റെ പിന്നാലെ ടിവികെയെ കുറ്റപ്പെടുത്താന്‍ തുനിഞ്ഞ ഡിഎംകെയുടെ വഴിയില്‍ കോണ്‍ഗ്രസും ബിജെപിയും എത്താതിരുന്നതും മറു സാധ്യതകള്‍ തേടുന്നതിന്റെ ഭാഗമായും വിലയിരുത്തുന്നവരുണ്ട്.