ന്യൂഡല്‍ഹി: ലഡാക്ക് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ട് തടവില്‍ കഴിയുന്ന കാലാവസ്ഥാ പ്രവര്ത്തകന് സോനം വാങ്ചുക്കിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ ആങ്മോ സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. സെപ്റ്റംബര്‍ 26നായിരുന്നു വാങ്ചുക്കിനെ ലഡാക്ക് പോലീസ് അറസ്റ്റു ചെയ്തത്. ഇദ്ദേഹത്തെ സുപ്രീം കോടതിയില്‍ ഹാജരാക്കാന്‍ ലഡാക്ക് പോലീസിന് നിര്‍ദേശം നല്‍കണമെന്നാണ് ഗീതാഞ്ജലിയുടെ ഹേബിയസ് കോര്‍പസ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. വാങ്ചുക്കിനെതിരേ ദേശസുരക്ഷാ നിയമം പ്രയോഗിച്ചതിനെയും ഇവര്‍ ചോദ്യം ചെയ്യുന്നു. വാങ്ചുക്കിന്റെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കണം, കരുതല്‍ തടങ്കലിനുള്ള ഉത്തരവ് റദ്ദാക്കണം എന്നീ ആവശ്യങ്ങളും ഹര്‍ജിയില്‍ ഉന്നയിക്കുന്നു. തടവില്‍ പാര്‍പ്പിക്കാനുള്ള കാരണം വാങ്ചുക്കിനെയോ കുടുംബാംഗങ്ങളെയോ ഇതുവരെ അറിയിച്ചിട്ടില്ലെന്നും ഗീതാഞജലി ആരോപിക്കുന്നു.
സോനം വാങ്ചുക്കിനെ വിട്ടയയ്ക്കണമെന്ന് ഭാര്യ സുപ്രീം കോടതിയില്‍

