വനിതാ ലോകകപ്പില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം. ഇക്കുറിയും ഇന്ത്യ ഷേക്ക്ഹാന്‍ഡിനില്ല

കൊളംബോ: ഐസിസി ഏകദിന വനിതാ ലോകകപ്പില്‍ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പോരാട്ടം ഇന്നു കൊളംബോയില്‍ നടക്കുകയാണ്. രണ്ടാഴ്ച മുമ്പു നടന്ന ഏഷ്യ കപ്പില്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന് ഹാന്‍ഡ് ഷേക്ക് നല്‍കാനും പാക്കിസ്ഥാന്‍കാരനായ എസിസി ചെയര്‍മാനില്‍ നിന്നു ട്രോഫി ഏറ്റുവാങ്ങാനും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് തയാറാകാതിരുന്നതിന്റെ വിവാദം അടങ്ങും മുമ്പേയാണ് വനിതകളുടെ പോരാട്ടം. ഇന്ത്യയാണ് ടൂര്‍ണമെന്റിന്റെ ആതിഥേയരെങ്കിലും ഇന്ത്യന്‍ മണ്ണില്‍ കളിക്കാനുള്ള വൈമുഖ്യം പാക്കിസ്ഥാന്‍ താരങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്ന് പാക്കിസ്ഥാന്റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുന്നത്.
കളി എവിടെ നടന്നാലും ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ടീം അംഗങ്ങള്‍ പരസ്പരം ഹസ്തദാനം നടത്തുമോ അതോ ഏഷ്യ കപ്പ് രീതിയില്‍ അതിനോടു വിമുഖത കാണിക്കുമോ എന്നതായിരുന്നു തുടക്കം മുതല്‍ ഉയര്‍ന്ന ചോദ്യം. ഇപ്പോഴിതാ ഉത്തരമായിരിക്കുന്നു. ഇന്ത്യന്‍ താരങ്ങള്‍ പാക് താരങ്ങള്‍ക്കു ഹസ്തദാനം നല്‍കില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി ദേവ്ജിത് സൈക്കിയ ഇക്കാര്യം വെളിപ്പെടുത്തിയതോടെ അതുസംബന്ധിച്ച സസ്‌പെന്‍സ് അവസാനിച്ചിരിക്കുകയാണ്. ഏഷ്യകപ്പ് നടന്നപ്പോഴുള്ള സാഹചര്യം ഒട്ടും മെച്ചമായിട്ടില്ലെന്നും കുറച്ചു കൂടി വഷളായോ എന്നു മാത്രമേ സംശയിക്കേണ്ടതുള്ളൂവെന്നുമാണ് ഇന്ത്യന്‍ നിലപാട്. വനിതാ ഏകദിന ലോകകപ്പിലെ ഇരു ടീമുകളുടെയും രണ്ടാമത്തെ മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ശ്രീലങ്കയെ തോല്‍പിച്ചിരുന്നെങ്കില്‍ പാക്കിസ്ഥാന്‍ ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോടു തോല്‍ക്കുകയാണുണ്ടായത്.