ചെക്കുകള്‍ പണമാക്കാന്‍ മൂന്നു മണിക്കൂര്‍ മതി, പുതിയ രീതിയുമായി റിസര്‍വ് ബാങ്ക്

ന്യൂഡല്‍ഹി: ഇന്ത്യയിലെ ബാങ്കുകളില്‍ ചെക്ക് മാറി പണമാക്കി മാറ്റുന്നതിനുള്ള കാലതാമസം ഇന്നു മുതല്‍ അവസാനിക്കുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുതായി ആവിഷ്‌കരിച്ച ചട്ടപ്രകാരം മണിക്കൂറുകള്‍ക്കുള്ളില്‍ ചെക്കുകള്‍ മാറിയെടുക്കാം. വേഗത്തില്‍ ഇടപാടുകള്‍ അവസാനിപ്പിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനും പുതിയ സംവിധാനം സഹായിക്കും.
ഒരു ദിവസം ലഭിക്കുന്ന ചെക്കുകള്‍ മുഴുവന്‍ കൂടി ഏതെങ്കിലും സമയത്ത് സ്‌കാന്‍ ചെയ്ത് അയയ്ക്കുന്ന ബാച്ച് പ്രൊസസിങ് രീതിയാണ് ഇതു വരെ പിന്തുടര്‍ന്നിരുന്നത്. ഈ രീതി മൂലമായിരുന്നു ചെക്കുകള്‍ മാറി വരാന്‍ ഇതുവരെ കൂടുതല്‍ സമയമെടുത്തിരുന്നത്. പുതിയ രീതി അനുസരിച്ച് ചെക്കുകള്‍ കിട്ടുന്ന മുറയ്്ക്ക് ബാങ്കുകള്‍ അതിന്റെ ചിത്രങ്ങളും മാഗ്നറ്റിക് ഇങ്ക് കാരക്ടര്‍ റെക്കഗ്നിഷന്‍ ഡാറ്റയും ക്ലിയറിങ് ഹൗസിലേക്ക് അയയ്ക്കണം. ക്ലിയറിങ് ഹൗസ് അപ്പോള്‍ തന്നെ ഈ ചിത്രങ്ങള്‍ പണം അടക്കേണ്ട ബാങ്കിന് കൈമാറണം.ഇത്രയുമായാല്‍ കസ്റ്റമര്‍ക്ക് പണം നല്‍കാന്‍ സാധിക്കും. ഈ സമ്പ്രദായം ഇന്നു നിലവില്‍ വരും.
ഇതിന്റെ രണ്ടാം ഘട്ടം അടുത്ത വര്‍ഷം ജനുവരി മൂന്നിന് നിലവില്‍ വരും. ഇതനുസരിച്ച് ചെക്കുകള്‍ ലഭിച്ച് മൂന്നു മണിക്കൂറിനുള്ളല്‍ ബാങ്കുകള്‍ പണം നല്‍കണം. മൂന്നു മണിക്കൂറിനുള്ളില്‍ സ്ഥിരീകരണം ലഭിച്ചില്ലെങ്കിലും ചെക്കുകള്‍ പാസായതായി കണക്കാക്കാം. ചെക്കുകള്‍ ബൗണ്‍സ് ആകുന്നതു തടയാന്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാനും തെറ്റുകളില്ലാതെ ചെക്ക് എഴുതാനും കസ്റ്റമര്‍ ശ്രദ്ധിക്കണം. ഇതു പോലെ പ്രധാനമാണ് പോസിറ്റിവ് പേ സമ്പ്രദായം. അമ്പതിനായിരത്തിനു മുകളില്‍ തുകയുടെ ചെക്കുകളാണെങ്കില്‍ ഈ സമ്പ്രദായം ഉപയോഗിക്കാം. ഇതനുസരിച്ച് ഒരു ദിവസം സമര്‍പ്പിക്കാന്‍ ഉദ്ദേശിക്കുന്ന ചെക്കിന്റെ വിവരങ്ങളും തുകയും മറ്റും തലേദിവസം ബാങ്കിനെ അറിയിക്കുകയാണ് വേണ്ടത്. അപ്പോള്‍ ചെക്ക് വരുന്നതിനു മുമ്പായി പ്രോസസിങ് നടത്തിവയ്ക്കാന്‍ ബാങ്കുകള്‍ക്കു സാധിക്കും. അതുവഴിയും കാലതാമസം ഒഴിവായിക്കൊള്ളും. അഞ്ചു ലക്ഷത്തിനു മുകളിലുള്ള ചെക്കുകള്‍ക്ക് ഇതുനിര്‍ബന്ധമാക്കിയിട്ടുണ്ട്.