വാടകയ്ക്കു വേണം അക്കൗണ്ടുകള്‍, മാസം പതിനായിരം വരെ വാടക വാഗ്ദാനം

തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സൈബര്‍ തട്ടിപ്പുകള്‍ക്കുപയോഗിക്കുന്ന മ്യൂള്‍ അക്കൗണ്ടുകള്‍ കേരളത്തില്‍ പെരുകുന്നതായി റിപ്പോര്‍ട്ട്. അടുത്തകാലത്ത് പിടിക്കപ്പെടുന്ന പല കേസുകളിലും പണമെത്തിയിരിക്കുന്നത് കേരളത്തിലെ നിര്‍ജീവമായിരുന്ന അക്കൗണ്ടുകളിലേക്ക്. മലപ്പുറം, എറണാകുളം, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലായി ഇത്തരം അക്കൗണ്ടുകളുടെ എണ്ണം ഒന്നും രണ്ടുമല്ല, ഇരുപത്തയ്യായിരത്തിലേറെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. കേരളം കേന്ദ്രമായി ഈ വര്‍ഷം നടന്ന 431 കോടി രൂപയുടെ സൈബര്‍ തട്ടിപ്പുകളില്‍ 223 കോടി രൂപയും കൈമാറിയത് ഇത്തരം മ്യൂള്‍ അക്കൗണ്ടുകളിലേക്കാണെന്നാണ് വിവരം.
സ്വന്തം ബാങ്ക് അക്കൗണ്ട് അപരിചരായ വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ തിരികെ പ്രതിഫലം കൈപ്പറ്റിക്കൊണ്ട് കൈകാര്യം ചെയ്യാന്‍ വിട്ടുകൊടുക്കുമ്പോഴാണ് അതൊരു മ്യൂള്‍ അക്കൗണ്ടായി മാറുന്നത്. വീടുകളും സ്ഥലങ്ങളും മറ്റും വാടകയ്ക്കു കൊടുക്കുന്നതു പോലെ അക്കൗണ്ടുകള്‍ വാടകയ്ക്കു കൊടുക്കുന്ന ഈ ഏര്‍പ്പാടിന്റെ മറവിലാണ് സൈബര്‍ തട്ടിപ്പുകള്‍ പെരുകുന്നത്. തട്ടിപ്പുകാരെ സംബന്ധിച്ചിടത്തോളം അവര്‍ പണമിടപാടില്‍ സുരക്ഷിതരായിരിക്കും എന്നതാണ് അവരുടെ മെച്ചം. അക്കൗണ്ട് ഉടമയ്ക്കാണെങ്കില്‍ സ്ഥിരമായി നല്ല തൂക തന്നെ അക്കൗണ്ട് കൈമാറിയതിന് വാടക പോലെ കിട്ടിക്കൊണ്ടിരിക്കുമെന്നത് നേട്ടം. തട്ടിപ്പിലെ ഇര കൈമാറുന്ന പണം ഇത്തരം അക്കൗണ്ടുകളിലേക്കായിരിക്കും നേരേയെത്തുക. പണം വരുന്നതിനൊപ്പം തന്നെ തട്ടിപ്പുകാര്‍ അതു കൈക്കലാക്കുകയും ചെയ്യും. ഇതിനെല്ലാം വളരെ വ്യവസ്ഥാപിതമായ മാര്‍ഗങ്ങളും ഇക്കൂട്ടര്‍ വികസിപ്പിച്ചിരിക്കുകയാണ്. അക്കൗണ്ടിലെ ഡെബിറ്റ് കാര്‍ഡും അക്കൗണ്ടിനൊപ്പം ചേര്‍ത്തിരിക്കുന്ന ഫോണ്‍ നമ്പരിന്റെ സിമ്മും എല്ലാം തട്ടിപ്പുകാരുടെ കൈവശം തന്നെയായിരിക്കും. അതുകൊണ്ടു തന്നെ ഒരു അക്കൗണ്ടിനെതിരേ പരാതി വരുവോളം അതു മ്യൂള്‍ ആണോയെന്നു ബാങ്കുകള്‍ക്കോ ഇടപാടുകാര്‍ക്കോ പോലീസിനോ കണ്ടെത്താന്‍ പോലും ആകുന്നില്ല. നിലവില്‍ ഒരു അക്കൗണ്ട് വാടകയ്ക്കു നല്‍കിയാല്‍ ഉടമയ്ക്ക് മാസം പതിനായിരം രൂപവരെയാണ് വാടകയായി തട്ടിപ്പുകാര്‍ നല്‍കുന്നത്. ചിലപ്പോള്‍ തട്ടിപ്പു സ്ഥാപനങ്ങളില്‍ അക്കൗണ്ട് ഉടമയ്ക്കു ജോലി നല്‍കുകയായിരിക്കും ചെയ്യുക.