കായംകുളത്തിരുന്ന് ശ്രീരശ്മി ഗാസയുടെ ദുരിതമറിയുന്നു, കണ്ണീരൊപ്പുന്നു

കൊച്ചി: ഗാസയുടെ വേദനയറിയാനും കണ്ണീര്‍ ചെറുതായെങ്കിലും ഒപ്പാനും നാടിന്റെ അതിരുകള്‍ തടസമാവില്ലെന്നു തെളിയിക്കുകയാണ് കായംകുളം സ്വദേശിനിയായ ശ്രീരശ്മി. ഇവരുടെ പ്രവര്‍ത്തനം മൂലം ഗാസയിലെ അനേകരുടെ ജീവിതത്തിലേക്ക് പ്രത്യാശയുടെ രശ്മികള്‍ പ്രവേശിക്കുകയാണിപ്പോള്‍. ശ്രീരശ്മി കായംകുളം വിട്ടു പുറത്തേക്കു പോയതേയില്ല, എങ്കിലും ഇവിടെയിരുന്നുകൊണ്ട് ഗാസയിലെ കുരുന്നുകള്‍ക്കു വേണ്ടി ആഹാരവും കുടിവെള്ളവും കണ്ടെത്തുകയും എത്തിച്ചു കൊടുക്കുകയും ചെയ്തുകൊണ്ടേയിരിക്കുന്നു. ഒടുവില്‍ കഴിഞ്ഞദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടൊരു പോസ്റ്റര്‍ തുറന്ന കത്തു പോലെയായിരുന്നു. ഇന്ത്യയില്‍ കേരളത്തില്‍ നിന്നുള്ള ശ്രീരശ്മിക്കും കൂട്ടര്‍ക്കും നന്ദി. ഗാസയുടെ വേദന തൊട്ടറിയുന്ന ചിലരായിരുന്നു ഈ കുറിപ്പിനു പിന്നിലുണ്ടായിരുന്നത്. എഴുതാന്‍ ആവശ്യപ്പെട്ട് ഗാസയിലെ ദുരിതബാധിതരും. ഇവര്‍ പിന്നീട് ഈ പ്രവര്‍ത്തനങ്ങള്‍ വീഡിയോ രൂപത്തിലും പുറത്തിറക്കുകയുണ്ടായി. കൂട്ട് എന്ന സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകയാണ് ശ്രീരശ്മി.
ഗാസയ്ക്കായി നമുക്കെന്തു ചെയ്യാന്‍ കഴിയുമെന്ന്് സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരായുകയാണ് ശ്രീരശ്മി ആദ്യമായി ചെയ്തത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അതിനോടു ക്രിയാത്മകമായി പ്രതികരിക്കാന്‍ ധാരാളം ആള്‍ക്കാരെത്തി. കായംകുളത്തിരുന്നുകൊണ്ട് അവരുമായി ആശയവിനിമയം നടത്തുകയും ഫണ്ട് സമാഹരണം ഏകോപിപ്പിക്കുകയും ചെയ്തു. യുകെയിലുള്ള ഗസ്റ്റ് ഫോര്‍മുല എന്ന സംഘടനയാണ് ഗാസയുമായി നേരിട്ട് ലിങ്കേജ് ഉണ്ടാക്കിക്കൊടുക്കുന്നത്. അതിന്റെ സംരംഭക ലെസ്ലിയും ശ്രീരശ്മിയുടെ അതേ അനുഭാവം പങ്കിടുന്നയാളാണ്. ഗാസ സിറ്റിയില്‍ സന്നദ്ധ സേവനം നടത്തുന്നവരുമായി ബന്ധപ്പെടുന്നതിനുള്ള വഴി തുറന്നു കൊടുത്തതും ഗസ്റ്റ് ഫോര്‍മുല ടീം തന്നെയാണ്. അങ്ങനെയാണ് ഗാസ നേരിട്ട് ശ്രീരശ്മിയുടെ അനുകമ്പയുടെ റാഡാറുമായി ബന്ധം സ്ഥാപിക്കുന്നത്. സമാഹരിക്കാനായ പണത്തിന്റെ തോത് എത്രയെന്നു പോലും ശ്രീരശ്മി ചിന്തിക്കുന്നില്ല. ആ പണം മുഴുവന്‍ ഗാസ നിവാസികള്‍ക്ക് ആഹാരമായും വെള്ളമായും എത്തുന്നുവെന്ന് മാത്രം അറിയുന്നു. അതിന്റെ സാക്ഷ്യമാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട നന്ദിവാചകം.