ലണ്ടന്‍: ലിംഗനീതിയില്‍ ലോകത്തിനു വഴികാട്ടാന്‍ ആംഗ്ലിക്കന്‍ സഭ. 1400 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരമാധ്യക്ഷ പദവിയായ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെട്ടിരിക്കുന്നു. നഴ്സിങ് കരിയറില്‍ ശ്രദ്ധേയമായ സേവനം കാഴ്ചവച്ചതിനു ശേഷം പൗരോഹിത്യത്തിലേക്ക് എത്തിയ സാറ മുലാലിയാണ് പുതിയ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ്. ഇതിനു മുമ്പ് ലണ്ടനിലെ ബിഷപ്പായി സേവനമനുഷ്ഠിക്കുകയായിരുന്നു അവര്‍. അറുപത്തിമൂന്നുകാരിയായ മുലാലി 2018ലാണ് ലണ്ടനിലെ ബിഷപ്പായി സ്ഥാനമേല്‍ക്കുന്നത്. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ പ്രാമുഖ്യത്തില്‍ മൂന്നാം സ്ഥാനത്തു വരുന്ന മഹായിടവകയാണ് ലണ്ടനിലേത്. ഇതിലേറെ പ്രാമുഖ്യമുള്ളത് കാന്റര്ബറിക്കും യോര്‍ക്കിനും മാത്രമാണ്. ബാല ലൈംഗിക പീഡകനായ ജോണ്‍ സ്മിത്തിനെ തടയാനാവാതെ പോയതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ജസ്റ്റിന് വെല്‍ബി രാജിവച്ചതോടെയാണ് ആര്‍ച്ച്ബിഷപ്പ് സ്ഥാനം അനാഥമായത്. ആ ഒഴിവിലേക്കാണിപ്പോള് മുലാലി പ്രവേശിക്കുന്നത്.
ചരിത്രത്തില്‍ ആദ്യം, കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ സിംഹാസനത്തില്‍ വനിത

