ഗാന്ധിയെ ‘വീണ്ടും കൊന്ന ലേഡി ഗോദ്‌സെ’ യഥാര്‍ഥ കൊലക്കേസില്‍ പ്രതി, ഒളിവില്‍

ന്യൂഡല്‍ഹി: ആറു വര്‍ഷം മുമ്പ് ഗാന്ധി ചിത്രത്തിനു നേരെ പ്രതീകാത്മകമായി നിറയൊഴിച്ച് ലേഡി ഗോദ്‌സെ എന്ന പേരു സമ്പാദിച്ച് പൂജ ശകുന്‍ പാണ്ഡെ യഥാര്‍ഥ കൊലക്കേസില്‍ പ്രതിയായി മാറിയിരിക്കുന്നു. സാധ്വി അന്നപൂര്‍ണ എന്ന പേരില്‍ സ്വന്തമായി അഖാരയും സ്ഥാപിച്ച് ആത്മീയ പ്രവര്‍ത്തനങ്ങളുമായി കഴിയുമ്പോഴാണ് സാധ്വിയുടെ മറ്റൊരു മുഖം കൊലക്കേസിലൂടെ വെളിയില്‍ വരുന്നത്. ഗാന്ധി ചിത്രത്തിനു നേരെ നിറയൊഴിച്ചതു മുതല്‍ ലേഡി ഗോദ്‌സെ എന്ന പേരിലാണിവര്‍ അറിയപ്പെടുന്നത്.
ഉത്തര്‍ പ്രദേശിലെ ഹാത്രസില്‍ ബൈക്ക് ഷോറൂം ഉടമയായ അഭിഷേക് ഗുപ്ത എന്ന യാളുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ഇവരും ഭര്‍ത്താവും പ്രതിചേര്‍ക്കപ്പെട്ടിരിക്കുന്നത്. സെപ്റ്റംബര്‍ 26ന് വൈകുന്നേരം ബൈക്ക് ഷോറൂം അടച്ച് വീട്ടിലേക്കു പോകാന്‍ ബസില്‍ കയറിയ അഭിഷേകിനെ രണ്ടു പേര്‍ ചേര്‍ന്ന് തടഞ്ഞുവച്ച് വെടിവച്ചു കൊല്ലുകയായിരുന്നു. അക്രമികള്‍ പിന്നീട് പോലീസിന്റെ പിടിയിലായപ്പോള്‍ അവരിലൊരാള്‍ പൂജയുമായി 39 തവണ സംസാരിച്ചതിന്റെ കോള്‍ ലോഗ് പോലീസിനു ലഭിക്കുകയായിരുന്നു. അതേ തുടര്‍ന്നാണ് ഇവരിലേക്കും ഭര്‍ത്താവിലേക്കും അന്വേഷണം നീളുന്നത്. പൂജയുടെ നിരഞ്ജിനു അഖാരയിലെ തൊഴിലാളിയായിരുന്നു കൊലയാളികളില്‍ ഒരാള്‍. ഇതേ തുടര്‍ന്ന് പൂജയുടെ ഭര്‍ത്താവും അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ വക്താവുമായ അശോക് പാണ്ഡെയാണ് ആദ്യം അറസ്റ്റിലായത്. ഇതോടെ പൂജ അവിടെ നിന്നു മുങ്ങുകയായിരുന്നു. പൂജ ഒളിവിലാണിപ്പോള്‍.