ചിമ്പാന്‍സികളുടെ ഇഷ്ടതോഴി, പരിസ്ഥിതി പ്രവര്‍ത്തക, ജെയ്ന്‍ ഗുഡാല്‍ അന്തരിച്ചു

വാഷിങ്ടന്‍: അളവില്ലാത്ത സ്‌നേഹം ചിമ്പാന്‍സികള്‍ക്കു നല്‍കി അതുപോലെ അളവില്ലാത്ത സ്‌നേഹം അവയില്‍ നിന്നു തിരികെ വാങ്ങുകയും ചെയ്ത ജെയ്ന്‍ ഗുഡാല്‍ ഓര്‍മയായി. തൊണ്ണൂറ്റൊന്നാം വയസിലാണ് അന്ത്യം. പ്രൈമറ്റോളജിസ്റ്റും പരിസ്ഥിതി പ്രവര്‍ത്തകയും നരവംശ ശാസ്ത്രജ്ഞയുമൊക്കെയായ ഗുഡാല്‍ ഒരു പ്രഭാഷണ പരിപാടിക്ക് ലൊസാഞ്ചലസിലെത്തിയപ്പോള്‍ മരണത്തിനു കീഴടങ്ങുകയായിരുന്നു. ചിമ്പാന്‍സികളെക്കുറിച്ച് ലോകത്ത് ഏറ്റവും ആധികാരികമായ അറിവുകള്‍ക്കുടമയായിരുന്നു ഗുഡാല്‍. കുട്ടിയായിരിക്കുമ്പോള്‍ ടെഡി ബെയറിനു പകരം പിതാവ് ഇവര്‍ക്കു സമ്മാനിച്ചത് ചിമ്പാന്‍സിയുടെ കളിപ്പാട്ടമായിരുന്നു. അന്നുമുതല്‍ അവയോടുള്ള സ്‌നേഹവും ഇവര്‍ക്കൊപ്പം കൂടുകയായിരുന്നു. ആറ് ദശാബ്ദമാണ് ലോകത്ത് ചിമ്പാന്‍സികളുള്ള കാടുകള്‍ എവിടെയെല്ലാമുണ്ടോ അവിടെയെല്ലാം ഗുഡാലുമെത്തിയത്. ചിമ്പാന്‍സികള്‍ വേട്ടയാടുമെന്നും മാംസം ഭക്ഷിക്കുമെന്നുമൊക്കെ ആദ്യമായി കണ്ടെത്തിയത് ഇവരായിരുന്നു. അമേരിക്കയിലെ വിഖ്യാതമായ മെസഞ്ചര്‍ ഓഫ് പീസ് അവാര്‍ഡ് ജേതാവാണ്.