ലണ്ടന്‍: ഇറക്കുമതിക്ക് താങ്ങാനാവാത്ത തീരുവ ചുമത്തുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാതൃക തരക്കേടില്ലാത്ത കാര്യമാണെന്ന ചിന്തയിലേക്ക് ഒന്നാം നിര രാജ്യങ്ങള്‍ നീങ്ങുന്നുവോ. ഇതാ, ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഉരുക്കിന് ഉയര്‍ന്ന തീരുവ ചുമത്തുക എന്ന ആശയത്തിലേക്ക് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളും നീങ്ങുന്നു. യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ യൂറോപ്യന്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ അടുത്തയാഴ്ച യോഗം ചേരുകയാണ്. നിലവില്‍ ഇരുപത്തഞ്ച് ശതമാനം തീരുവയാണ് ഇന്ത്യയില്‍ നിന്നും മറ്റുമുള്ള ഉരുക്കിന് യൂറോപ്യന്‍ രാജ്യങ്ങള്‍ ചുമത്തുന്നത്. ഇത് ട്രംപ് നിശ്ചയിച്ചിരിക്കുന്ന അമ്പതു ശതമാനത്തിലേക്കെത്തിക്കാനാണ് ആലോചന മുറുകിയിരിക്കുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി മൂലം യൂറോപ്പിലെ ആഭ്യന്തര ഉല്‍പാദകര്‍ക്കു വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്ന് യൂറോപ്യന്‍ കമ്മീഷന്‍ നേരത്തെ വിലയിരുത്തിയിരുന്നു. നികുതി വര്‍ധിപ്പിക്കുന്നതിനൊപ്പം ഇറക്കുമതി ക്വോട്ട നേര്‍പകുതിയായി കുറയ്ക്കുന്നതിനും ആലോചനയുണ്ട്. നിലവിലുള്ള ഇരുപത്തഞ്ചു ശതമാനം നികുതി പോലും ഈ വര്‍ഷാന്ത്യത്തോടെ അവസാനിക്കാനിരിക്കെയാണ് പുതിയ ആലോചന എത്തിയിരിക്കുന്നത്.
ഉരുക്കിലും വരുന്നുണ്ട് കുരുക്ക്, ട്രംപന്‍ തീരുവ തരക്കേടില്ലെന്ന് യൂറോപ്പിനും ചിന്ത

