വാഷിങ്ടന്‍: അമേരിക്കന്‍ ഫെഡറല്‍ ഗവണ്മെന്റിന്റെ സാമ്പത്തികനയങ്ങളോടുള്ള എതിര്‍പ്പിനെച്ചൊല്ലി ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും ധാരണയിലെത്താന്‍ വൈകുന്നതനുസരിച്ച് ഫണ്ട് അനുവദിക്കുന്നതും വൈകുന്നതിനാല്‍ അമേരിക്കയിലെ എല്ലാ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളും സ്തംഭിച്ചിട്ട് ഇതു രണ്ടാംദിവസം. സര്‍ക്കാര്‍ സര്‍വീസിലെ അഞ്ചു ലക്ഷത്തോളം ജീവനക്കാര്‍ ശമ്പളമില്ലാത്തതു കാരണം വീട്ടിലിരിക്കുമ്പോള്‍ ഈ സാഹചര്യം ഡെമോക്രാറ്റുകള്‍ക്കു പണി കൊടുക്കാനുള്ള അവസരമാക്കി മാറ്റുകയാണ് ട്രംപ്. ന്യൂയോര്‍ക്ക് സംസ്ഥാനത്തിനുള്ള 18 ബില്യണ്‍ ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ടും മറ്റ് 16 സംസ്ഥാനങ്ങള്‍ക്ക് കാലാവസ്ഥാവ്യതിയാനം തടുക്കാനുള്ള 8 ബില്യണ്‍ ഡോളര്‍ ഫണ്ടുമുള്‍പ്പെടെ തടഞ്ഞുകൊണ്ട് ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളുടെമേല്‍ ട്രംപിന്റെ അടി വീണുകഴിഞ്ഞു.
ഗവണ്മെന്റ് സ്തംഭനത്തോടെ ഉടന്‍തന്നെ സര്‍ക്കാര്‍ സര്‍വീസുകളില്‍നിന്നുള്ള കൂടുതല്‍ പിരിച്ചുവിടലുകളും ഉണ്ടാകുമെന്നാണു സൂചന. അത്യാവശ്യ സര്‍വീസുകളിലുള്ള ജോലിക്കാരെ പിരിച്ചുവിടില്ലെങ്കിലും അവര്‍ക്കും ഫണ്ട് വിതരണം നടക്കുന്നതുവരെ ശമ്പളം ലഭിക്കില്ല. ഏഴരലക്ഷത്തോളം ആളുകളുടെ തൊഴില്‍ നഷ്ടമാക്കുന്ന ഈ നീക്കം ഡെമോക്രാറ്റുകളുടെമേല് അധികസമ്മര്‍ദ്ദം ചെലുത്താനുള്ള വഴിയായാണ് കരുതപ്പെടുന്നത്. രണ്ടുദിവസത്തിനുള്ളില്‍ പിരിച്ചുവിടല്‍ തുടങ്ങുമെന്നാണ് റിപ്പബ്ലിക്കന്‍ വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന.
ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് ഗവണ്മെന്റ് ഓഫീസുകള്‍ പൂട്ടേണ്ടി വരുന്നത്. ഇതില്‍ റിപ്പബ്ലിക്കന്മാരും ഡെമോക്രാറ്റുകളും പരസ്പരം പഴിചാരുകയാണ്. ഡെമോക്രാറ്റുകള്‍ അമേരിക്കന്‍ പൗരന്മാര്ക്ക് സൗജന്യചികിത്സ ലഭ്യമാക്കാതെ അനധികൃത കുടിയേറ്റക്കാര്‍ക്കു മാത്രമായി മെഡിക്കെയ്ഡ് മൂലമുള്ള സൗജന്യചികിത്സ ഒതുക്കാന്‍ തുനിയുന്നതായാണ് റിപ്പബ്ലിക്കന്മാരുടെ ആരോപണം. ഇതു ഡെമോക്രാറ്റുകള്‍ തള്ളുകയും ചെയ്യുന്നു. അനധികൃത കുടിയേറ്റക്കാര്‍ക്ക് സൗജന്യചികിത്സ ലഭ്യമാക്കാനായി ഡെമോക്രാറ്റുകള്‍ അമേരിക്കന്‍ സര്‍ക്കാരിനെ തടങ്കലിലാക്കിയിരിക്കുകയാണെന്നാണ് റിപ്പബ്ലിക്കനായ സ്പീക്കര്‍ മൈക്ക് ജോണ്സണ് പറഞ്ഞത്.
സര്‍ക്കാര്‍ ഓഫീസുകള്‍ക്കു താഴുവീണതില്‍ പക, ഡമോക്രാറ്റുകളെ പൂട്ടാന്‍ ട്രംപ്

