യുഎഇയിലെ ടോപ്പ് 100 പ്രവാസി നേതാക്കളില്‍ നമ്പര്‍ വണ്‍ നമ്മുടെ എം എ യൂസഫലി

ദുബായ്: യുഎഇയിലെ ഏറ്റവും പ്രമുഖ നൂറു പ്രവാസി നേതാക്കളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് മലയാളിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലി. പ്രമുഖ സാമ്പത്തിക പ്രസിദ്ധീകരണമായ ഫിനാന്‍സ് വേള്‍ഡാണ് ഈ തിരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. യുഎഇയിലെ റീട്ടെയില്‍ മേഖലയില്‍ നടപ്പാക്കിയ വൈവിധ്യവല്‍ക്കരണമാണ് യൂസഫലിയെ ഈ സ്ഥാനത്തിനു യോഗ്യനാക്കിയതെന്ന് ഫിനാന്‍സ് വേള്‍ഡ് വിലയിരുത്തുന്നു. ഉല്‍പ്പന്നങ്ങള്‍ക്ക് ഉറപ്പാക്കിയ വിലസ്ഥിരതാ നയങ്ങള്‍, ഉപഭോക്തൃ സേവനങ്ങള്‍, അടിസ്ഥാന സൗകര്യം, ഡിജിറ്റല്‍ ചുവടുവയ്പുകള്‍, വ്യാപാര വിപുലീകരണം എന്നിവ ഈ സെക്ടറിലെ ഏറ്റവും മികച്ചതാണ്. യുഎഇയിലെ ഭരണാധികാരികളുമായി അടുത്ത ആത്മബന്ധം പുലര്‍ത്തുന്ന യൂസഫലിയുടെ മാനുഷിക ഇടപെടലുകള്‍, സാമൂഹിക പ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖലകള്‍ക്കു നല്‍കിയ സംഭാവനകള്‍ എന്നിവയും ഫിനാന്‍സ് വേള്‍ഡ് എടുത്തുപറയുന്നു.
ഭാട്ടിയ ഗ്രൂപ്പ് ചെയര്‍മാന്‍ അജയ് ഭാട്ടിയ ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തും അല്‍ ആദില്‍ ട്രേഡിങ് ചെയര്‍മാന്‍ ധനഞ്ജയ് ദാതാര്‍ മൂന്നാം സ്ഥാനത്തും വരുന്നു. ലാന്‍ഡ്മാര്‍ക്ക് ഗ്രൂപ്പ് ചെയര്‍പേഴ്‌സന്‍ രേണുക ജഗ്തിയാണ് പട്ടികയില്‍ മുന്‍നിരയിലുള്ള വനിത.