ക്രെഡിറ്റ് കാര്‍ഡ് ഉണ്ടോ, അറിഞ്ഞോളൂ ഫീസിലും പിഴയിലും വന്‍വര്‍ധന വരുന്നുണ്ട്

മുംബൈ: ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അടുത്ത മാസം ഒന്നാം തീയതി മുതല്‍ ക്രെഡിറ്റ് കാര്‍ഡുകളുടെ സര്‍വീസ് ചാര്‍ജിലും പിഴയിലുമെല്ലാം വന്‍ വര്‍ധനവ് വരുത്തുന്നു. വിദ്യാഭ്യാസ സംബന്ധമായ ഇടപാടുകള്‍ക്കും വാലറ്റ് ഉപയോഗിക്കുന്നതിനുമാണ് പ്രധാനമായും സര്‍വീസ് ചാര്‍ജുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. കാര്‍ഡ് ഉപയോഗിക്കുന്നവരുടെ ഭാഗത്തു നിന്നുള്ള വീഴ്ചകള്‍ക്കുള്ള പിഴയിലും വര്‍ധനയുണ്ട്.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഒഴികെയുള്ള ഏതെങ്കിലും ആപ്പുകളിലൂടെയോ പിഒഎസ് മെഷീനുകളിലൂടെയോ അല്ലാതെ മറ്റേതെങ്കിലും ആപ്പുകള്‍ മുഖേന വിദ്യാഭ്യാസ സംബന്ധമായ ആവശ്യങ്ങള്‍ക്ക് പണമിടപാട് നടത്തിയാല്‍ ആ തുകയുടെ ഒരു ശതമാനം സര്‍വീസ് ചാര്‍ജായി നല്‍കേണ്ടി വരും. ആയിരം രൂപയ്ക്കു മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കുമായിരിക്കും ഇതു ബാധകമാകുക.
കാര്‍ഡ് അക്കൗണ്ടില്‍ പണം ഇല്ലാത്തതു നിമിത്തം ഓട്ടോ ഡെബിറ്റ് അല്ലെങ്കില്‍ സാധാരണ ഇടപാട് നിരസിക്കപ്പെട്ടാല്‍ 250 രൂപ ഡിസ്‌ഹോണര്‍ ഫീ ചുമത്തും. ചെക്ക് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് ബില്‍ അടയ്ക്കുന്നതിനും അധികം പണം ചെലവാക്കേണ്ടി വരും. ഇതിന് 200 രൂപയായിരിക്കും ചെക്ക് പേമെന്റ് ഫീസ് എന്ന പേരില്‍ ഈടാക്കുക. എടിഎമ്മുകളില്‍ നിന്ന് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിച്ചാല്‍ അതിനു മൊത്തം തുകയുടെ രണ്ടര ശതമാനം ഫീസ് നല്‍കണം. അഞ്ഞൂറു രൂപയെങ്കിലും പിന്‍വലിക്കുന്നവര്‍ക്കു മാത്രമായിരിക്കും ഈ ഫീസ് ബാധകമാകുക. കാര്‍ഡ് പുതുക്കി വാങ്ങുന്നതിനും മാറി വാങ്ങുന്നതിനും ഫീസുണ്ടായിരിക്കും. ഓറം കാര്‍ഡുകള്‍ക്ക് 1500 രൂപയും മറ്റു കാര്‍ഡുകള്‍ക്ക് 100 രൂപ മുതല്‍ 250 രൂപ വരെയുമായിരിക്കും ഈയിനത്തിലുള്ള ഫീസ്. ബില്‍ തുക അടയ്ക്കാന്‍ താമസിച്ചു പോയാല്‍ അതിനുള്ള പിഴയില്‍ കുത്തനെയുള്ള വര്‍ധനയാണ് വരുത്തിയിരിക്കുന്നത്. ബില്‍ തുകയ്ക്കനുസരിച്ചുള്ള പിഴത്തുക ചുവടെ.
ആയിരം രൂപ വരെ പിഴ 400 രൂപ
ആയിരം രൂപ മുതല്‍ പതിനായിരം രൂപ വരെ പിഴ 750 രൂപ
പതിനായിരം രൂപ മുതല്‍ 25000 രൂപ വരെ പിഴ 950 രൂപ
25000 രൂപ മുതല്‍ 50000 രൂപ വരെ പിഴ 1100 രൂപ
അമ്പതിനായിരത്തിനു മുകളിലുള്ള തുകയ്ക്ക് പിഴ 1300 രൂപ.
തുടര്‍ച്ചയായി രണ്ടു തവണ ലേറ്റ് പേമെന്റ് നടത്തിയാല്‍ അതിന് അധികം ഫീസ് നൂറു രൂപ.