സിഡ്നി: ഓസ്ട്രേലിയന്‍ കൗമാര ക്രിക്കറ്റിന്റെ നടുവൊടിച്ച് പതിനാലു വയസുള്ള ഇന്ത്യന്‍ ‘ബാലതാരം’ വൈഭവ് സൂര്യവംശി. ഏകദിനമെന്നോ ടെസ്റ്റെന്നോ ഉള്ള വ്യത്യാസമൊന്നും ഈ പതിനാലുകാരനു മുന്നിലില്ല. കിട്ടുന്ന പന്തൊക്കെ അളന്നു തൂക്കി അടിച്ചു പറപ്പിക്കുകയാണ്. ഓസ്ടേലിയയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ അണ്ടര്‍ 19 ടീം മൂന്ന് ഏകദിനങ്ങള്‍ കഴിഞ്ഞ് ആദ്യ ടെസ്റ്റ് മാച്ചിലേക്കു കടന്നിരിക്കുകയാണ്. സിഡ്നിയില്‍ നടക്കുന്ന ടെസ്റ്റ്മാച്ചില്‍ വൈഭവിന്റെ തകര്‍പ്പന്‍ സെഞ്ചുറിയുടെ ബലത്തില്‍ ഇന്ത്യ 185 റണ്‍സിന്റെ ലീഡാണ് ഒന്നാം ഇന്നിങ്സില്‍ കൈവരിച്ചിരിക്കുന്നത്. 86 പന്തുകളെ നേരിട്ട വൈഭവ് 113 റണ്‍സാണെടുത്തത്. ഇതില്‍ എട്ടു സിക്സും ഒന്‍പതു ഫോറും ഉള്‍പ്പെടുന്നു. ഏകദിന മത്സരങ്ങളില്‍ പുറത്തെടുത്ത് അതേ ആക്രമണോത്സുക ശൈലി തന്നെയാണ് ടെസ്റ്റിലും വൈഭവ് എടുത്തു വീശുന്നത്. 78 പന്തുകളില്‍ നിന്നു സെഞ്ചുറി തികച്ച വൈഭവ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ നാലാമത്തെ യൂത്ത് ടെസ്റ്റ്സെഞ്ചുറിയെന്ന നേട്ടവും സ്വന്തമാക്കി. ഓസ്ട്രേലിയന്‍ മണ്ണില്‍ യൂത്ത് ടെസ്റ്റിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയും ഇതു തന്നെ. യൂത്ത് ടെസ്റ്റില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയതിനുള്ള പുതിയ റെക്കോഡും വൈഭവ് സ്വന്തം പേരില്‍ കുറിച്ചു.
ഓസ്ട്രേലിയന്‍ കൗമാര ക്രിക്കറ്റിന്റെ നടുവൊടിച്ച് സിക്സുകളുടെ രാജകുമാരന്

