വിക്കിക്ക് ചെക്ക് വയ്ക്കാന്‍ ഗ്രോക്ക്, മസ്‌ക് പുതിയ ചുവടുവയ്പുമായി കളത്തിലിറങ്ങുന്നു

വാഷിങ്ടന്‍: ഏതു കാര്യത്തിലായാലും അറിവു തേടുന്നവര്‍ക്ക് ആദ്യം ആശ്രയിക്കാവുന്ന പേരായി വിക്കിപീഡിയ മാറുമ്പോള്‍ എക്‌സും ഗ്രോക്കും കൊണ്ടു നടക്കുന്ന ഇലോണ്‍ മസ്‌കിനു സഹിക്കുന്നില്ലെന്നു വേണം കരുതാന്‍. വിക്കിപീഡിയയ്ക്കു ചെക്ക് വയ്ക്കാനൊരുങ്ങുകയാണ് മസ്‌ക്. വിക്കിപീഡിയയ്ക്ക് ബദലായി മസ്‌കിന്റെ സ്വന്തം ഗ്രോക്ക് എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിജ്ഞാനകോശം പുറത്തിറക്കാനുള്ള തീവ്രപരിശ്രമമാണ് അണിയറയില്‍. എന്നു മാത്രമല്ല ഇതിന്റെ പേരു വരെ പുറത്തു വിടാന്‍ സാധിക്കുന്ന അവസ്ഥയിലേക്ക് മസ്‌കിന്റെ പരിശ്രമങ്ങള്‍ എത്തിയിരിക്കുന്നു. ഗ്രോക്ക് എഐയുടെ ചാറ്റ്‌ബോട്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ ഇതിന്റെ പേര് ഗ്രോക്കിപീഡിയ. ഇത് വിക്കിപീഡിയയെക്കാള്‍ മുന്നിലായിരിക്കുമെന്നും ലോകത്തെ മനസിലാക്കാനുളശ്‌ള പ്രധാന ചുവടുവയ്പായി മാറുമെന്നും മസ്‌ക് തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു കഴിഞ്ഞു.
എക്‌സ് എഐയുടെ ചാറ്റ്‌ബോട്ട് ഗ്രോക്ക് ആയിരിക്കും ഗ്രോക്കിപീഡിയയ്ക്ക് കരുത്തു പകരുന്നതെന്ന് ഇതിന്റെ പേരില്‍ നിന്നു തന്നെ വ്യക്തമാകുന്നു. ഇതിനായി തന്റെ എഐയെ എല്ലാ വെബ്‌സോഴ്‌സുകളിലും മസ്‌ക് ട്രെയിന്‍ ചെയ്യിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ പ്ലാറ്റ്‌ഫോം സുതാര്യത, നിഷ്പക്ഷത, വസ്തുതാപരമായ കൃത്യത എന്നിവയ്ക്ക് പ്രാധാന്യം നല്‍കുമെന്നും മസ്‌ക് അവകാശപ്പെടുന്നു. എന്നാല്‍ വിക്കിപീഡിയയെ പൂട്ടാന്‍ ഇതിനു മുമ്പും പല പരിശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും അവയിലൊന്നു പോലെ ഗ്രോക്കും ചീറ്റിപ്പോകുകയേയുള്ളൂവെന്നുമാണ് ടെക് ലോകം അഭിപ്രായപ്പെടുന്നത്.